KeralaLatest

ഏലച്ചെടികളുടെ മറവില്‍ അമ്മയും മൂന്ന് പെണ്‍മക്കളും ‍കഴിഞ്ഞത് ഒരാഴ്ച

“Manju”

കട്ടപ്പന: ഏലച്ചെടികളില്‍ കെട്ടിയ സാരിമറക്കുള്ളില്‍ ഒരമ്മയും മൂന്ന് പെണ്‍മക്കളും കഴിഞ്ഞത് ഒരാഴ്ച. കട്ടപ്പന മുനിസിപ്പാലിറ്റി 34 ാം വാര്‍ഡിലെ വാഴവരയിലാണ്‌ അമ്മ ഏഴു വയസ്സില്‍ താഴെയുള്ള മൂന്നു പെണ്‍മക്കളുമായി ഒരാഴ്ച രാത്രിയും പകലും ഏലത്തോട്ടത്തില്‍ കഴിഞ്ഞത്. കുടുംബപ്രശ്നത്തെ തുടര്‍ന്ന് ഭര്‍ത്താവുമായി പിരിഞ്ഞു നില്‍ക്കുന്ന ഇവര്‍ ഒരാഴ്ചയായി മൂന്ന് കുട്ടികളെ പറമ്ബില്‍ കിടത്തിയിട്ടാണ് പണിക്ക് പോയിരുന്നത്.
നാടിനെ നടുക്കിയ ഈ സംഭവം അറിഞ്ഞു അരമണിക്കൂറിനുള്ളില്‍ കുട്ടികളെയും അമ്മയെയും സുരക്ഷിതമാക്കി ജില്ല ചൈല്‍ഡ്‌ലൈന്‍. കട്ടപ്പന നഗരസഭയും നാട്ടുകാരും ചൈല്‍ഡ് ലൈനും ചേര്‍ന്ന് കുട്ടികള്‍ക്കും അമ്മക്കും വീടൊരുക്കാനുള്ള ശ്രമത്തിലാണ്.
ഏലത്തോട്ടത്തിലെ കുരിരുട്ടില്‍ ഏലച്ചെടികളില്‍ സാരി മറച്ചുകെട്ടിയാണ് കഴിച്ചു കൂട്ടിയത്. കുട്ടികളുടെ കരച്ചില്‍ കേട്ട അയല്‍വാസികളാണ്‌ വിവരം ചൈല്‍ഡ്‌ ലൈനില്‍ അറിയിച്ചത്. സംഭവം കേട്ട മാത്രയില്‍ ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി കുട്ടികളെയും അമ്മയെയും സുരക്ഷിത സ്‌ഥലത്തേക്ക് മാറ്റി. തുടര്‍ന്ന് നഗരസഭ വാര്‍ഡ് കൗണ്‍സിലര്‍ ബിനു കേശവന്‍റെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയില്‍ ഇവര്‍ക്ക് നാട്ടുകാരുടെയും നഗരസഭയുടെയും സഹായത്തോടെ ഈ മാസം വീട് വെച്ചു കൊടുക്കാനും ധാരണയായി. ചൈല്‍ഡ്‌ലൈന്‍ സെന്റര്‍ കോഓഡിനേറ്റര്‍ പ്രിന്റോ മാത്യു, ഓഫിസര്‍ ജെസി ജോര്‍ജ് എന്നിവരുടെ നേതൃത്വത്തിലാണ്‌ രക്ഷപ്പെടുത്തിയത്. ഇടുക്കി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്കും ഡി.സി.പി.യുവിനും റിപ്പോര്‍ട്ട്‌ കൊടുത്തശേഷം കുട്ടികളുടെ പഠനവും താമസവും സൗജന്യമായി ചെയ്തുകൊടുക്കുമെന്ന് ചൈല്‍ഡ്‌ലൈന്‍ അറിയിച്ചു.

Related Articles

Back to top button