InternationalLatest

84 വര്‍ഷം ഒരേ കമ്പനിയില്‍ ;ഗിന്നസ് റെക്കോര്‍ഡുമായി 100 വയസ്സുകാരന്‍

“Manju”

ഒരേ കമ്പനിയില്‍ 84 വര്‍ഷം ജോലിയില്‍ തുടരാന്‍ സാധിക്കുമോ? സാധിക്കുമെന്ന് തെളിയിക്കുകയാണ് 100 വയസ്സുകാരന്‍. യുവാക്കള്‍ക്ക് തങ്ങളുടെ ജോലി പെട്ടെന്ന് മടുക്കുന്ന ഈ കാലത്ത്, കമ്പനികള്‍ മാറിമാറി റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുന്ന കാലത്ത് ഒരു ബ്രസീലുകാരന്‍ തന്റെ നൂറാം വയസ്സിലും താന്‍ ആദ്യം ജോലി ചെയ്ത് തുടങ്ങിയ അതേ സ്ഥാപനത്തില്‍ ജോലി ചെയ്യുകയാണ്.

വാള്‍ട്ടര്‍ ഓര്‍ത്ത്മാന്‍ എന്നയാളാണ് പുതിയ ലോക റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുന്നത്. വാള്‍ട്ടറിന്റെ ജീവിതം വളരെ അത്ഭുതകരമായി തോന്നാം. എന്നാല്‍ ആത്മാര്‍ഥതയും താല്‍പ്പര്യവും ഒപ്പം ജോലിയോടും സ്ഥാപനത്തോടും അടങ്ങാത്ത സ്‌നേഹവുമുണ്ടെങ്കില്‍ ആര്‍ക്കും ഇതിന് സാധിക്കുമെന്നാണ് വാള്‍ട്ടര്‍ പറയുന്നത്. 84 വര്‍ഷവും 9 മാസവും ഒരേ കമ്പനിയില്‍ ജോലി ചെയ്ത് കൊണ്ട് അദ്ദേഹം തന്നെ മുന്‍പ് സ്ഥാപിച്ച 81 വര്‍ഷവും 85 ദിവസവുമെന്ന പഴയ റെക്കോര്‍ഡാണ് ഇപ്പോള്‍ പുതുക്കിയിരിക്കുന്നത്.

84 വര്‍ഷത്തെ കരിയറിനിടയില്‍ വാള്‍ട്ടറിന് നിരവധി അനുഭവങ്ങളുണ്ടായി. നിരവധി മാറ്റങ്ങളിലൂടെ അദ്ദേഹം കടന്ന് പോയി. സ്വന്തം കമ്പനിയുടെ പേര് പോലും മാറി. 1938 ജനുവരി 17നാണ് ഷിപ്പിങ് അസിസ്റ്റന്‍റായി വാള്‍ട്ടര്‍ ജോലി ആരംഭിക്കുന്നത്. ബ്രസീലിലെ സാന്‍റ കറ്റരിനയിലുള്ള ഇന്‍ഡസ്ട്രിയാസ് റെനോക്‌സ് എസ്‌എ എന്ന ടെക്‌സ്‌റ്റൈല്‍ എന്ന കമ്പനിയിലായിരുന്നു ഇത്. കമ്പനിയുടെ പേര് ഇന്ന് റെനോക്‌സ് വ്യൂ എന്നാണ്. ജോലിയോടുള്ള താല്‍പ്പര്യവും ആത്മാര്‍ഥതയും കാരണം വളരെ പെട്ടെന്ന് തന്നെ വാള്‍ട്ടറിന് പ്രൊമോഷന്‍ ലഭിച്ചു.

കമ്പനിയുടെ സെയില്‍സ് വിഭാഗത്തില്‍ മാനേജരായിട്ടായിരുന്നു സ്ഥാനക്കയറ്റം. രാജ്യത്തിന്റെ വിവിധ മേഖലകളില്‍ സന്ദര്‍ശിക്കാമെന്നതും വ്യത്യസ്തരായ മനുഷ്യരോടും സംസ്‌കാരങ്ങളോടും ഇടപെടാന്‍ സാധിക്കുമെന്നതുകൊണ്ടുമാണ് വാള്‍ട്ടര്‍ തന്റെ ജോലി ഉപേക്ഷിക്കാഞ്ഞത്. ഏറ്റവും ഇഷ്ടമുള്ള കാര്യങ്ങളാണ് ചെയ്യേണ്ടതെന്ന് അദ്ദേഹം യുവാക്കളോട് പറയുന്നു.

ഏപ്രില്‍ 19നായിരുന്നു വാള്‍ട്ടറിന്റെ 100ാം പിറന്നാള്‍ ആഘോഷം. വയസ്സ് 100 കടന്നെങ്കിലും ഈ ബ്രസീലുകാരന് ഇപ്പോഴും വലിയ ആരോഗ്യപ്രശ്‌നങ്ങളൊന്നും തന്നെയില്ല. ചിട്ടയായ വ്യായാമവും ഭക്ഷണക്രമീകരണവുമൊക്കെയാണ് അദ്ദേഹത്തിന്റെ ജീവിതത്തെ മനോഹരമായി മുന്നോട്ട് നയിക്കുന്നത്. ഒരു നല്ല കമ്ബനിയില്‍ ജോലി ചെയ്യാന്‍ ശ്രമിക്കുക. പ്രചോദനം തോന്നുന്ന മേഖലയില്‍ ജോലി ചെയ്യുന്നതാണ് നല്ലതെന്നും തന്നെ ഈ കമ്പനിയില്‍ തന്നെ തുടരാന്‍ പ്രേരിപ്പിക്കുന്നത് ഈ തോന്നലാണെന്നും വാള്‍ട്ടര്‍ പറയുന്നു.

Related Articles

Back to top button