IndiaLatest

മുഖ്യമന്ത്രീ, എനിക്കും പഠിക്കണം-സോനുവിന്റെ കണ്ണീര്‍ ആയുധമാക്കി പ്രതിപക്ഷം

“Manju”

പാട്ന: ”അച്ഛന്‍ കിട്ടുന്ന കാശിന് മുഴുവന്‍ മദ്യം വാങ്ങിക്കുടിക്കും. ഫീസ് കൊടുക്കാത്തതിനാല്‍ സ്കൂളില്‍ നിന്ന് പുറത്താക്കി. സര്‍ക്കാര്‍ സ്കൂളിലാണേല്‍ അദ്ധ്യാപകരുമില്ല. മുഖ്യമന്ത്രീ എനിക്കും പഠിക്കണം.’

തൊഴുകൈയോടെ കണ്ണീരില്‍ കുതിര്‍ന്ന കുഞ്ഞുസോനുവിന്റെ വാക്കുകള്‍ ബീഹാറിന്റെ ഉള്ളുലച്ചു. ജനസമ്ബര്‍ക്ക പരിപാടിക്കിടെയാണ് ആറാം ക്ളാസുകാരന്‍ സോനുകുമാര്‍ (12) ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ സഹായം തേടിയത്. പലവഴിയില്‍ നിന്നായി പഠിപ്പിക്കാമെന്ന വാഗ്ദാനങ്ങള്‍ അവന് ലഭിച്ചെങ്കിലും സോനുവിന്റെ നൊമ്ബരം ബീഹാറില്‍ പുതിയ രാഷ്ട്രീയവിവാദത്തിനാണ് തിരികൊളുത്തി.
നളന്ദയിലെ കല്യാണ്‍ ബിഗ ഗ്രാമത്തില്‍ സോനുവിന്റെ വീടു തേടിയെത്തി രാഷ്ട്രീയ നേതാക്കളുടെയും മാദ്ധ്യമ പ്രവര്‍ത്തകരുടെയും ഒഴുക്കാണ്.
മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജനസമ്ബര്‍ക്ക പരിപാടിക്കിടെ കൂപ്പുകൈകളുമായി സഹായം ചോദിച്ചെത്തിയ സോനുവിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിലൂടെയാണ് വൈറലായത്. മദ്യപനായ അച്ഛന്‍ കുടുംബം നോക്കാത്തതിനാല്‍ തനിക്ക് പഠനസഹായം വേണമെന്നായിരുന്നു സോനുവിന്റെ അപേക്ഷ. സര്‍ക്കാര്‍ സ്‌കൂളില്‍ അദ്ധ്യാപകരില്ലെന്നും ഫീസ് അടയ്‌ക്കാത്തതിനാല്‍ സ്വകാര്യ സ്‌കൂളില്‍ നിന്നു തന്നെ പുറത്താക്കിയെന്നും സോനു പരാതിപ്പെട്ടു.
മദ്യനിരോധനം നിലവിലുള്ള ബീഹാറില്‍ മദ്യപനായ അച്ഛന്‍ കാരണം കുട്ടിയുടെ പഠനം മുടങ്ങുന്നുവെന്ന വാര്‍ത്ത നിതീഷ് കുമാറിന്റെ രാഷ്ട്രീയ എതിരാളികള്‍ ആയുധമാക്കി. സര്‍ക്കാര്‍ സ്‌കൂളുകളെക്കുറിച്ചുള്ള നിതീഷിന്റെ മേനിപറച്ചിലും പരിഹസിക്കപ്പെട്ടു. സോനുവിനെപ്പോലുള്ള പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കായി ‘ലാലു പാഠശാലകള്‍’ തുറക്കുമെന്ന് ആര്‍.ജെ. ഡി നേതാവ് തേജ് പ്രതാപ് യാദവ് പ്രഖ്യാപിച്ചു. ബോളിവുഡ് താരങ്ങളും സോനുവിന് സഹായവുമായെത്തി.
നളന്ദയില്‍ സോനുവിന്റെ വസതിയിലെത്തിയ ബി.ജെ.പി നേതാവ് സുശീല്‍ കുമാര്‍ മോദി, നവോദയ സ്‌കൂളില്‍ പ്രവേശനം വാഗ്ദാനം ചെയ്‌തു. സോനുവിനെ കാണാനെത്തിയ ജന അധികാര്‍ പാര്‍ട്ടി നേതാവ് പപ്പു യാദവ് അരലക്ഷം രൂപ സമ്മാനിച്ചു. ചാനലുകാരും സോനുവിന്റെ പിന്നാലെയാണ്. ബീഹാറിലെ സര്‍ക്കാര്‍ സ്‌കൂളുകളുടെ ഗതികേടിനെക്കുറിച്ചും വ്യാജമദ്യ മാഫിയയുടെ നീരാളിപ്പിടിത്തത്തെക്കുറിച്ചും ചാനലുകളോട് സംസാരിക്കുന്ന തിരക്കിലാണിപ്പോള്‍ സോനു.

Related Articles

Back to top button