വഡോദര: സ്വയം തന്നെ വിവാഹം ചെയ്യാനൊരുങ്ങി ഗുജറാത്തുകാരി. ക്ഷമാ ബിന്ദുവെന്ന 24 കാരിയാണ് ജൂണ്‍ 11ന് തന്നെ തന്നെ വിവാഹം ചെയ്യാനൊരുങ്ങുന്നത് . എല്ലാ പരമ്പരാഗത ആചാരപ്രകാരങ്ങളോടെയായിരിക്കും വിവാഹ ചടങ്ങെന്ന് യുവതി പറഞ്ഞു. എന്നാല്‍ വരനുണ്ടായിരിക്കില്ല. ഗുജറാത്തിലെ ആദ്യത്തെ സോളോഗമി (സ്വയം വിവാഹിത) ആയിരിക്കുമിതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
‘ഞാന്‍ ഒരിക്കലും വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിട്ടില്ല. പക്ഷേ എനിക്ക് വധുവാകാന്‍ ആഗ്രഹമുണ്ടായിരുന്നു. അതിനാല്‍ ഞാന്‍ എന്നെത്തന്നെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചു’-ക്ഷമ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.
രാജ്യത്ത് ഏതെങ്കിലും സ്ത്രീ സ്വയം വിവാഹം കഴിച്ചിട്ടുണ്ടോ എന്നറിയാന്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ തിരഞ്ഞെങ്കിലും വാര്‍ത്ത കണ്ടെത്താനായില്ലെന്ന് അവര്‍ പറഞ്ഞു. ഒരുപക്ഷേ നമ്മുടെ രാജ്യത്ത് ആത്മസ്നേഹത്തിന്റെ ആദ്യ മാതൃക താനായിരിക്കാമെന്നും ക്ഷമ പറഞ്ഞു.