IndiaLatest

അഗ്നിപഥ് ;വിജ്ഞാപനം പുറപ്പെടുവിച്ച്‌ കരസേന

“Manju”

ന്യൂഡല്‍ഹി: രാജ്യവ്യാപകമായി അഗ്നിപഥ് പദ്ധതിയ്‌ക്കെതിരെ പ്രതിഷേധങ്ങള്‍ തുടരുമ്പോഴും പിന്നോട്ടില്ലാതെ സേനാവിഭാഗങ്ങള്‍. കരസേനയില്‍ ആദ്യഘട്ട റിക്രൂട്ട്മെന്റ് വിജ്ഞാപനം പുറപ്പെടുവിച്ചു. രജിസ്‌ട്രേഷന്‍ ജൂലായ് മുതല്‍ ആരംഭിക്കും. അഗ്നിവീരന്മാര്‍ പ്രത്യേക റാങ്കായിരിക്കും, മെഡിക്കല്‍ ബ്രാഞ്ചില്‍ ടെക്‌നിക്കല്‍ കേഡര്‍ ഒഴികെ സൈന്യത്തില്‍ പ്രവേശനത്തിനുള‌ള ഏക മാര്‍ഗം അഗ്നിപഥ് മാത്രമായിരിക്കും.

നാല് വര്‍ഷക്കാലത്തേക്കുള‌ള അഗ്നിവീര്‍ നിയമനങ്ങളില്‍ സൈന്യത്തില്‍ നിന്നും പിരിയുന്നവര്‍ക്കുള‌ള ഗ്രാറ്റുവിറ്റി ഒന്നുമുണ്ടാകില്ല. ആദ്യ വര്‍ഷം 45,000 പേരെ നിയമിക്കും. വീരമൃത്യു വരിക്കുന്ന അഗ്നിവീരരുടെ കുടുംബത്തിന് ഒരുകോടി രൂപ സഹായധനം നല്‍കും. ഇപ്പോള്‍ സൈനികര്‍ക്ക് അപായസാദ്ധ്യതാ ആനുകൂല്യങ്ങള്‍ നല്‍കുന്നത് എല്ലാം അഗ്നിവീര‌ര്‍ക്കും ലഭിക്കും. സൈന്യത്തില്‍ ശരാശരി പ്രായം ഇപ്പോള്‍ മുപ്പതുകളാണ്. ഇത് കൂടുതല്‍ ചെറുപ്പമാക്കാനാണ് അഗ്നിവീരരുടെ നിയമനത്തിലൂടെ സൈന്യം ഉദ്ദേശിക്കുന്നതെന്ന് സൈനികകാര്യ അഡീഷണല്‍ സെക്രട്ടറി ലഫ്.ജനറല്‍ അനില്‍പുരി അഭിപ്രായപ്പെട്ടിരുന്നു.

നാല് വര്‍ഷത്തെ സേവനശേഷം വിരമിക്കുന്ന അഗ്നിവീരര്‍ക്ക് പൊലീസില്‍ നിയമനം നല്‍കുമെന്ന് ബിജെപി ഭരിക്കുന്ന ചില സംസ്ഥാനങ്ങള്‍ അറിയിച്ചിട്ടുണ്ട്. അഗ്നിപഥ് പ്രക്ഷോഭത്തില്‍ പങ്കെടുത്ത് നാശം വരുത്തിയവര്‍ക്ക് നിയമനം നല്‍കില്ലെന്നും സമരങ്ങളില്‍ പങ്കെടുത്തിട്ടില്ലെന്ന സാക്ഷ്യപത്രം നല്‍കണമെന്നുമാണ് ലഫ്.ജനറല്‍ അനില്‍പുരി അറിയിച്ചത്.

Related Articles

Back to top button