IndiaLatest

അംബാനിയുടെ ഡ്രൈവര്‍ ; വേണ്ട യോഗ്യതകള്‍ നിസാരമല്ല

“Manju”

ലോകത്തിലെ തന്നെ ഏറ്റവും വലിയ കോടീശ്വരന്മാരില്‍ ഒരാളാണ് മുകേഷ് അംബാനി. ഇന്ത്യയിലും പുറത്തും നിരവധി ബിസിനസ് സ്ഥാപനങ്ങളും വാഹനങ്ങളും അദ്ദേഹത്തിന് സ്വന്തമായുണ്ട്. ഇതില്‍ പലതും അത്യാഡംബര വാഹനങ്ങളാണെന്നതും ശ്രദ്ധേയമാണ്. ചില പ്രമുഖ കമ്ബനികള്‍ അംബാനിക്ക് വേണ്ടി മാത്രമായും വാഹനങ്ങള്‍ നിര്‍മിച്ചിട്ടുണ്ട്. ഇത്രയും പ്രത്യേകതയുള്ള വാഹനങ്ങള്‍ ഓടിക്കുന്നവര്‍ ആരാണെന്നും അവരുടെ ശമ്ബളമെത്രയാണെന്നും എപ്പോഴെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ?. അംബാനിയുടെ നൂറോളം വരുന്ന വാഹനങ്ങള്‍ക്ക് വേണ്ടി ഡ്രൈവര്‍മാരെ നല്‍കുന്നത് ഒരു സ്വകാര്യ കമ്ബനിയാണ്. ഏതാണ്ട് രണ്ട് ലക്ഷത്തോളം രൂപയാണ് ഇവരുടെ പ്രതിമാസ ശമ്ബളം. ഇതിനു പുറമേ സൗജന്യ താമസവും ഭക്ഷണവും ഇവര്‍ക്ക് ലഭിക്കും. മുകേഷ് അംബാനിയുടെ ജോലിക്കാരില്‍ ഭൂരിപക്ഷം പേരുടെ മക്കളും പഠിക്കുന്നത് വിദേശ സര്‍വകലാശാലകളിലാണ്. ഇവരുടെ എല്ലാം വിദ്യാഭ്യാസ ചെലവുകള്‍ നോക്കുന്നത് റിലയന്‍സാണ്. അംബാനിയുടെ ഡ്രൈവര്‍ ആയി എത്തുന്നയാള്‍ക്കും ഈ സൗകര്യങ്ങള്‍ ലഭിക്കും.

എന്നാല്‍ മുകേഷ് അംബാനിയുടെ വാഹനത്തിന്റെ ഡ്രൈവറാവുക അത്ര എളുപ്പമുള്ള കാര്യമല്ല. കഠിനമായ പ്രോസസിലൂടെയാണ് ഓരോ ഡ്രൈവര്‍മാരെയും തിരഞ്ഞെടുക്കുന്നത്. കാര്‍ ഡ്രൈവിംഗ് പശ്ചാത്തലം, കാര്‍ ഡ്രൈവ് ചെയ്യുന്നതിലുള്ള പരിചയം, പ്രത്യേകിച്ചും വിലകൂടിയ കാറുകള്‍ ഓടിക്കുന്നതിലെ പരിചയം എന്നിവ കണക്കിലെടുത്താണ് മികച്ച ഡ്രൈവര്‍മാരെ തിരഞ്ഞെടുക്കുന്നത്. വിവിധ ഭാഷകളിലുള്ള വൈദഗ്‌ദ്ധ്യം, കാര്‍ റിപ്പയറിംഗിലുള്ള പരിചയം തുടങ്ങിയവ പുലര്‍ത്തുന്നവര്‍ മാത്രമേ ആദ്യഘട്ട അഭിമുഖത്തില്‍ പാസാവൂ. അഭിമുഖത്തില്‍ നിന്നും തിരഞ്ഞെടുക്കുന്നവരെ ഒരു നിശ്ചിത സമയത്തേക്ക് കാറുകള്‍ ഓടിക്കുന്ന രീതി പരിശോധിക്കും. ഇതില്‍ നിന്നും മികച്ചയാളുകളെ തിരഞ്ഞെടുത്ത് പ്രത്യേക പരിശീലനം നല്‍കുകയാണ് അടുത്ത ഘട്ടം. അടിയന്തര ഘട്ടങ്ങള്‍ നേരിടേണ്ടത് എങ്ങനെയാണ്, അത്യാഡംബര വാഹനങ്ങള്‍ ഉപയോഗിക്കുമ്ബോള്‍ ശ്രദ്ധിക്കേണ്ടത് എങ്ങനെയാണ്, ഭാഷ കൈകാര്യം ചെയ്യേണ്ടതെങ്ങനെ തുടങ്ങിയ സങ്കീര്‍ണമായ പരിശീലനമാണ് ഇവര്‍ക്ക് നല്‍കുന്നത്.

തുടര്‍ന്ന് മുകേഷ് അംബാനിയുടെ വാഹനവ്യൂഹത്തിലുണ്ടാകുന്ന മറ്റ് കാറുകള്‍ ഓടിക്കാന്‍ നിയോഗിക്കും. എല്ലായ്‌പ്പോഴും ഇവര്‍ നിരീക്ഷണത്തിലായിരിക്കുമെന്ന് പറയേണ്ടതില്ലല്ലോ. പിന്നെയും വര്‍ഷങ്ങളെടുക്കും മുകേഷ് അംബാനി സഞ്ചരിക്കുന്ന വാഹനത്തെ നിയന്ത്രിക്കാന്‍. വെളിപ്പെടുത്താത്ത സുരക്ഷാ ഫീച്ചറുകള്‍ അടങ്ങിയ ബി.എം.ഡബ്ല്യൂ സെവന്‍ സീരിസിലെ വാഹനമാണ് ഇപ്പോള്‍ അംബാനി ഉപയോഗിക്കുന്നത്. വന്‍ കോടീശ്വരന്‍ ആയതിനാല്‍ തന്നെ ശത്രുക്കളില്‍ നിന്നും തീവ്രവാദസംഘങ്ങളില്‍ നിന്നും നിരന്തരം ഭീഷണി നേരിടുന്നയാളാണ് അംബാനി. അതുകൊണ്ട് തന്നെ എന്തെങ്കിലും തരത്തിലുള്ള ആക്രമണങ്ങള്‍ ഉണ്ടായാല്‍ അതിനെ നേരിടാന്‍ അടിയന്തരസാഹചര്യങ്ങളില്‍ എങ്ങനെ പ്രവര്‍ത്തിക്കണമെന്നതിനെ സംബന്ധിച്ച്‌ വിദേശരാജ്യങ്ങളിലെ പരിശീലനത്തിനും ഡ്രൈവര്‍മാരെ നിയോഗിക്കാറുണ്ട്.

Related Articles

Back to top button