LatestThiruvananthapuram

ഇലക്‌ട്രിക് ബസുകള്‍ തലസ്ഥാനത്തെത്തും

“Manju”

തിരുവനന്തപുരം : കെ.എസ്.ആര്‍.ടി.സി. വാങ്ങിയ ആദ്യബാച്ച്‌ വൈദ്യുതബസുകള്‍ ബുധനാഴ്ചയ്ക്കുള്ളില്‍ തലസ്ഥാനത്തെത്തും. കിഫ്ബി ഫണ്ടില്‍ വാങ്ങുന്ന 50 ബസുകളിലെ അഞ്ചെണ്ണമാണ് ഹരിയാണയില്‍നിന്നു ട്രെയിലറുകളില്‍ കയറ്റി അയച്ചിട്ടുള്ളത്. ഇവ തിങ്കളാഴ്ച എത്തേണ്ടതായിരുന്നു. അഗ്‌നിപഥ് പ്രതിഷേധങ്ങളെത്തുടര്‍ന്നാണ് യാത്ര വൈകിയത്.

തിരുവനന്തപുരം നഗരത്തിലേക്കാകും ഈ ബസുകള്‍ ഉപയോഗിക്കുക. ബസുകള്‍ ചാര്‍ജ് ചെയ്യാന്‍ സിറ്റി ഡിപ്പോയില്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. ഫാസ്റ്റ് ചാര്‍ജിങ് സെന്ററുകള്‍ ഉള്‍പ്പെടെ 15 പോയന്റുകളാണ് ഒരുക്കിയിട്ടുള്ളത്. പി.എം.ഐ. ഫോട്ടോണ്‍ എന്ന കമ്പനിയുടെ ഒന്‍പത് മീറ്റര്‍ നീളമുള്ള ബസുകളാണ് വാങ്ങിയിട്ടുള്ളത്.

ഫാസ്റ്റ് പാസഞ്ചര്‍ സര്‍വീസ് നടത്തുന്നതിനായി 50 ഇലക്‌ട്രിക് ബസുകളും സൂപ്പര്‍ഫാസ്റ്റുകള്‍ക്കായി 310 സി.എന്‍.ജി. ബസുകളും വാങ്ങുമെന്ന് മുമ്പ് കെ.എസ്.ആര്‍.ടി.സി. അറിയിച്ചിരുന്നു. ഒരു ഇ-ബസിന് 1.5 കോടി രൂപ വില വരുമെന്നാണ് കണക്കാക്കുന്നത്. സി.എന്‍.ജി. ബസ്സിന് 65 ലക്ഷവുമാണ് വില. പുതിയ ബസുകള്‍ക്കായി മൊത്തം 286.50 കോടി രൂപ ചെലവിടുമെന്നായിരുന്നു വിവരം .

വൈദ്യുത ബസ്സുകള്‍ വാങ്ങാന്‍ ചെലവിടുന്ന 75 കോടിയില്‍ 27.5 കോടി കേന്ദ്ര സര്‍ക്കാര്‍ സബ്‌സിഡി ലഭിക്കും. ബാക്കി നാല് ശതമാനം പലിശനിരക്കില്‍ കിഫ്ബി വായ്പയായി ലഭ്യമാക്കുമെന്നുമായിരുന്നു കെ.എസ്.ആര്‍.ടി.സി അധികൃതര്‍ അറിയിച്ചിരുന്നത്. ബസ് ബോഡി നിര്‍മാണത്തിലെ തടസ്സങ്ങളും സമ്പത്തികപ്രശ്നങ്ങളും മൂലം പുതിയ ഡീസല്‍ ബസുകള്‍ വാങ്ങുന്ന പദ്ധതിയില്‍ നിന്ന് വകുപ്പ് പിന്‍മാറുകയായിരുന്നു. 1,000 സി.എന്‍.ജി. ബസ്സുകള്‍ വാങ്ങാന്‍ കിഫ്ബിയില്‍നിന്ന് 300 കോടി അനുവദിക്കാന്‍ 2016-ല്‍ ഗതഗാതവകുപ്പ് തിരുമാനമെടുത്തിരുന്നു. എന്നാല്‍, പമ്പുകളുടെ കുറവ് ഉള്‍പ്പെടെ പ്രതിസന്ധിയായി ഉയര്‍ത്തി കാട്ടിയിരുന്നു.

Related Articles

Back to top button