InternationalLatest

മൊബൈല്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തലാക്കുന്നു

“Manju”

പാകിസ്ഥാനില്‍ വൈദ്യുതി പ്രതിസന്ധി രൂക്ഷമായിരിക്കെ മൊബൈല്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തലാക്കുമെന്ന് മുന്നറിയിപ്പ് നല്‍കി സര്‍ക്കാര്‍. രാജ്യത്ത് വൈദ്യുതി മുടങ്ങിയ സാഹചര്യത്തില്‍ മൊബൈല്‍, ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തലാക്കുന്നതിനെക്കുറിച്ച്‌ ആലോചിക്കുന്നുണ്ടെന്നാണ് പാകിസ്ഥാന്‍ നാഷണല്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ബോര്‍ഡ് (എന്‍.ഐ.ടി.ബി) അറിയിച്ചത്. പാകിസ്ഥാനിലെ ടെലികോം ഓപ്പറേറ്റര്‍മാര്‍മാരും ഇതേ കുറിച്ച്‌ മുന്നറിയിപ്പ് നല്‍കിയിരുന്നു.

ജൂലൈ മാസത്തില്‍ കൂടുതല്‍ ലോഡ് ഷെഡ്ഡിംഗ് നേരിടേണ്ടി വരുമെന്ന് പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് അറിയിച്ചു. “പാകിസ്ഥാന് ആവശ്യമായ ദ്രവീകൃത പ്രകൃതിവാതകം (എല്‍എന്‍ജി) വിതരണം ചെയ്യാന്‍ കഴിഞ്ഞില്ല, എന്നിരുന്നാലും, സഖ്യ സര്‍ക്കാര്‍ കരാര്‍ സാധ്യമാക്കാന്‍ ശ്രമിക്കുകയായിരുന്നു” എന്നാണ് പ്രധാനമന്ത്രി പറഞ്ഞത്.

വിലക്കയറ്റം മൂലം പാകിസ്ഥാനിലെ ജനങ്ങള്‍ വലയുന്നതിനിടെയാണ് ഇടുത്തി വീണതുപോലെ വൈദ്യുതി പ്രതിസന്ധിയുടെ വരവ്. ഊര്‍ജ ക്ഷാമം രൂക്ഷമായതോടെ സര്‍ക്കാര്‍ ജീവനക്കാരുടെ ജോലി സമയം വെട്ടിക്കുറയ്ക്കുകയും കറാച്ചി ഉള്‍പ്പെടെയുള്ള വിവിധ നഗരങ്ങളില്‍ ഷോപ്പിംഗ് മാളുകള്‍ നേരത്തേ അടച്ചുപൂട്ടാന്‍ പാക് സര്‍ക്കാര്‍ ഉത്തരവിടുകയും ചെയ്തിരുന്നു. അതേസമയം പാകിസ്ഥാനില്‍ പേപ്പറിനും ക്ഷാമം നേരിടുകയാണ്. ആഗസ്തില്‍ പുതിയ അധ്യയനവര്‍ഷം ആരംഭിക്കുമ്പോള്‍ കുട്ടികള്‍ക്ക് പുസ്തകം വിതരണം ചെയ്യാനാകില്ലെന്ന് പേപ്പര്‍ വ്യാപാരികളുടെ സംഘടന വ്യക്തമാക്കി. ആഗോളവിലക്കയറ്റത്തിനുപുറമേ പാക് സര്‍ക്കാരിന്റെ തെറ്റായ നയങ്ങളും പേപ്പര്‍വ്യവസായത്തിലെ പ്രാദേശികകുത്തകകളുമാണ് സ്ഥിതി വഷളാക്കിയതെന്നാണ് വിലയിരുത്തല്‍.

വിദേശകടം പെരുകിയതും സാമ്പത്തിക പ്രതിസന്ധിക്ക് കാരണമായിരുന്നു. 2021-’22 സാമ്പത്തിക വര്‍ഷം പലിശയിനത്തില്‍മാത്രം പാകിസ്ഥാന്‍ ചൈനയ്ക്ക് നല്‍കിയത് 15 കോടി ഡോളറാണ്. സൗദി അറേബ്യ, ഖത്തര്‍ രാജ്യങ്ങളില്‍നിന്നും പാകിസ്ഥാന്‍ വ്യാപകമായി കടം വാങ്ങിയിട്ടുണ്ട്. കടംതിരിച്ചടവ് കൂടിയതോടെ വിദേശനാണ്യശേഖരം ദുര്‍ബലമായി. ഇറക്കുമതി കുറയ്ക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. ഇതോടെ ഇന്ധനത്തിനുള്‍പ്പെടെ അവശ്യസാധനങ്ങള്‍ക്കും വിലകൂടി.

Related Articles

Back to top button