IndiaLatest

പ്രമുഖ ഗാന്ധിയൻ ഗോപിനാഥൻ നായർ അന്തരിച്ചു.

“Manju”

 

തിരുവനന്തപുരം : പ്രമുഖ ഗാന്ധിയനും പത്മശ്രീ ജേതാവുമായ ഗോപിനാഥൻ നായർ (99) അന്തരിച്ചു. സാമൂഹ്യ പ്രവർത്തകനും, സ്വതന്ത്ര്യസമരസേനാനിയും ഗാന്ധി സ്മാരക നിധി എന്നപേരിൽ വിഖ്യാതമായ മഹാത്മാ ഗാന്ധി നാഷണൽ മെമ്മോറിയൽ ട്രസ്റ്റ് ചെയർമാനുമായിരുന്നു അദ്ദേഹം. 1922 ജൂലൈ 7 നെയ്യാറ്റിൻകരയിൽ പത്മനാഭപിള്ളയുടെയും കെ.പി.ജാനകി അമ്മയുടെയും മകനായിട്ട് ജനിച്ചു. ഭാര്യ എൽ.സരസ്വതി അമ്മ. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്നും വിദ്യാഭ്യാസം പൂർത്തിയാക്കിയ അദ്ദേഹം വിദ്യാഭ്യാസകാലം മുതൽക്കേ ഗാന്ധിയൻ ആദർശങ്ങളിൽ ആകൃഷ്ടനായിരുന്നു. ഗാന്ധിജി കേരളത്തിൽ എത്തിയപ്പോൾ അടുത്ത് നിന്ന് കാണുകയും, ആദർശങ്ങളെ ജീവിതത്തിൽ പകർത്തുകയും ചെയ്തു. മുൻ രാഷ്ട്രപതി ഡോ.രാജേന്ദ്രപ്രസാദിന്റെ നേതൃത്വത്തിൽ ദേശീയ നേതാക്കൾ സംഘടിപ്പിച്ച ഗാന്ധി സ്മാരകനിധിയിൽ പ്രാരംഭകാലം മുതൽ പ്രവർത്തിച്ചതിനാൽ ആറുദശാബ്ദക്കാലം പ്രവർത്തിച്ച മുതിർന്ന ഗാന്ധിയനായി അദ്ദേഹം മാറി. ഗാന്ധിജിയുടെ സേവാഗ്രാം ആശ്രമത്തിൽ 11 വർഷക്കാലം പ്രസിഡന്റായി പ്രവർത്തിച്ചതും എടുത്തുപറയാവുന്ന നേട്ടമാണ്.

മാറാട് കലാപത്തിലും, ദേശീയ തലത്തിൽ സിഖ്ഹിന്ദു കലാപത്തിലുമൊക്കെ സമാധാനത്തിന്റെ സന്ദേശവുമായി അദ്ദേഹം എത്തിയിരുന്നു.

ഗാന്ധി സ്മാരകനിധി, ശാന്തിസേന, ഭൂദാൻ മൂവ്മെന്റ് എന്നിവയിലെല്ലാം സജീവ സാന്നിദ്ധ്യമായിരുന്ന അദ്ദേഹത്തിന് പത്മശ്രീ, ജാംനലാൽ ബജാജ് അവാർഡ്, സ്റ്റാലിയൻസ് സോഷ്യൽ സർവ്വീസ് അവാർഡ്, SUTIC ബഹുമതി എന്നിവ ലഭിച്ചിട്ടുണ്ട്.

Related Articles

Back to top button