KeralaLatest

ഛായാഗ്രാഹകന്‍ ശിവന്‍ അന്തരിച്ചു

“Manju”

തിരുവനന്തപുരം: പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ ശിവന്‍ എന്ന ശിവശങ്കരന്‍ നായര്‍ (89) അന്തരിച്ചു. പുലര്‍ച്ചെ 12.15ന് ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ വസതിയിലായിരുന്നു അന്ത്യം.
ചെമ്മീന്‍ സിനിമയുടെ നിശ്ചലചിത്രങ്ങള്‍ കാമറയില്‍ പകര്‍ത്തിയാണ് ശിവന്‍ ചലച്ചിത്ര മേഖലയില്‍ അരങ്ങേറ്റം കുറിച്ചത്. സ്വപ്നം എന്ന ചിത്രം നിര്‍മിക്കുകയും അഭയം, യാഗം, കൊച്ചു കൊച്ചു മോഹങ്ങള്‍, കിളിവാതില്‍, കേശു, ഒരു യാത്ര എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്യുകയും ചെയ്തു. മൂന്നു തവണ ദേശീയ ചലച്ചിത്ര പുരസ്കാരം നേടിയിട്ടുണ്ട്.
തിരുവിതാംകൂറിലെയും തിരുകൊച്ചിയിലെയും പിന്നീട് ഐക്യകേരളത്തിലെയും ആദ്യ ഗവണ്‍മെന്‍റ് പ്രസ് ഫോട്ടോഗ്രഫറാണ്. 1959ല്‍ തിരുവനന്തപുരം സ്റ്റാച്യുവില്‍ ശിവന്‍സ് സ്‌റ്റുഡിയോ തുടങ്ങി. പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു മുതല്‍ നിരവധി നേതാക്കളുടെ രാഷ്‌ട്രീയ ജീവിതം കാമറയില്‍ പകര്‍ത്തി.
ഹരിപ്പാട് പടീറ്റതില്‍ വീട്ടില്‍ ഗോപാലപിള്ളയുടെയും വെട്ടുവിളഞ്ഞതില്‍ വീട്ടില്‍ ഭവാനിയമ്മയുടെയും ആറു മക്കളില്‍ രണ്ടാമനാണ് ശിവന്‍. ചലച്ചിത്ര സംവിധായകന്‍ സംഗീത് ശിവന്‍, സംവിധായകനും ഛായാഗ്രാഹകനുമായ സന്തോഷ് ശിവന്‍, സഞ്ജീവ് ശിവന്‍, സരിത രാജീവ് എന്നിവര്‍ മക്കളാണ്.

Related Articles

Back to top button