IndiaKeralaLatest

ഇന്ന് തിരുവോണം

ശാന്തിഗിരി ന്യൂസിന്റെ മാന്യവായനക്കാർക്ക് ഓണാശംസകൾ

“Manju”

ശാന്തിഗിരി ന്യൂസിന്റെ എല്ലാ മാന്യവായനക്കാർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ

വീണ്ടും ഒരു ഓണംകൂടി വന്നെത്തി.  കോവിഡ് മഹാമാരിയ്ക്കും, അതിന് മുൻപ് പ്രളയവും ഒക്കെ രണ്ട് മൂന്ന് വർഷമായി മലയാളികളെ ഓണം ആഘോഷിക്കുന്നതിൽ നിന്ന് അല്പം പിന്നോട്ടടിച്ചിരുന്നു.  എങ്കിലും ഓണം മലയാളിയ്ക്ക് ഒഴിച്ചൂനിർത്താനാവാത്തതാണ്. അത് രക്തത്തിലലിഞ്ഞുചേർന്ന വികാരമാണ്.  ലോകത്തിന്റെ ഏത് മൂലയിൽ പോയാലും മലയാളവും ഓണവും നമുക്ക് ജീവശ്വാസമാണ്.  ഈവർഷം കാലാവസ്ഥയുടെ പ്രതികൂലത ഉണ്ടായിരുന്നുവെങ്കിലം ഓണത്തിന് അതിന്റേതായ പ്രൗഢിയും ഗാംഭീര്യവും ഒക്കെ വന്നണഞ്ഞതുപോലെതന്നെയാണ്. ഓണക്കിറ്റും ഓണക്കൈ നീട്ടവും മേളകളും വാരഘോഷവും ഒക്കെയായി ഗവൺമെന്റും ജനങ്ങൾക്കൊപ്പമുണ്ട്.

കുറച്ച് ഓണക്കാര്യം : ലോകത്തിന്റെ നാനാഭാഗത്തുമുള്ള മലയാളികൾ ഇന്ന് ഓണം ആഘോഷിക്കുന്നു. കേരളത്തിൽ നവവത്സരത്തിന്റെ ആഗമനം കുറിക്കുന്ന മാസമായ ചിങ്ങത്തിലാണ് മലയാളിയുടെ ഏറ്റവും വലിയ ഉത്സവമായ ഓണം വന്നണയുന്നത്. ഇംഗ്ലീഷ് കലണ്ടറിൽ ഓഗസ്റ്റ് – സെപ്റ്റംബർ മാസങ്ങളിലാണ് ഓണം വരുന്നത്.  ഓണവുമായി ബന്ധപ്പെട്ട് നിരവധി ഐതിഹ്യങ്ങളുണ്ടെങ്കിലും അവയിൽ ഏറ്റവും പ്രധാന്യമുളളത് മഹാബലി ചക്രവർത്തിയുമായി ബന്ധപ്പെട്ടതാണ്. കേരളം വാണ നീതിമാനായ രാജാവായിരുന്ന മഹാബലി തന്റെ പ്രജകളെ കാണാനെത്തുന്ന ദിനമാണ് തിരുവോണം എന്നാണ് ഐതിഹ്യം. കേരളത്തിൽ ഓണത്തെപ്പറ്റി വാമൊഴിയായി നിലനിൽക്കുന്ന ഒരു ഐതിഹ്യം ഭാഗവത കഥയിൽ നിന്ന് കാര്യമായ വ്യത്യാസങ്ങളുള്ള ഒന്നാണ്. ഓണം സംബന്ധിച്ച് പല ഐതിഹ്യങ്ങളും ചരിത്രരേഖകളും നിലവിലുണ്ടെങ്കിലും ഓണം ആത്യന്തികമായി ഒരു വിളവെടുപ്പു അഥവാ വ്യാപാരോത്സവമാണെന്ന് കരുതിപ്പോരുന്നു.

കേരളത്തിൽ ഓണം തമിഴ്‌നാട്ടിൽ നിന്നും സംക്രമിച്ചതാണെന്നാണ് വിദഗ്ദ്ധമതം. ഏ.ഡി. 8 വരെ ദ്രാവിഡ ദേശം പലനിലയിൽ സമാനവും ആയിരുന്നു. സംഘകാലകൃതിയായ ‘മധുരൈകാഞ്ചി ‘യിലാണ് ഓണത്തെക്കുറിച്ചുളള (ഇന്ദ്രവിഴാ) ആദ്യപരാമർശങ്ങൾ കാണുന്നത്. കാലവർഷം കഴിഞ്ഞ് മാനം തെളിയുന്ന ചിങ്ങമാസത്തിലാണ് മുൻകാലങ്ങളിൽ സുഗന്ധദ്രവ്യ വ്യാപാരത്തിനായി വിദേശകപ്പലുകൾ കേരളത്തിൽ കൂടുതലായി അടുത്തിരുന്നത്. സുഗന്ധദ്രവ്യത്തിന് പകരമായി സ്വർണ്ണവും മറ്റ് വിലപിടിപ്പുളള വസ്തുക്കളുമാണ് വ്യാപാരത്തിലൂടെ മലയാളി കച്ചവടക്കാർക്ക് ലഭിച്ചിരുന്നത്. അങ്ങനെ സ്വർണ്ണം കൊണ്ടുവരുന്ന ഈ മാസത്തെ പൊന്നിൻ ചിങ്ങമാസമെന്നും ഓണത്തെ പൊന്നോണമെന്നും വിളിക്കുവാൻ തുടങ്ങി എന്നും വാമൊഴിയുണ്ട്. കേരളത്തിൽ വിളവെടുപ്പിനേക്കാൾ അതിന്റെ വ്യാപാരത്തിനായിരുന്നു പ്രാധാന്യം എന്നതാണ് ഇന്ദ്രവിഴയും ഓണവും തമ്മിലുളള വ്യത്യാസത്തിനു കാരണം. കേരളീയരാണ് ഓണം ആഘോഷിച്ച് തുടങ്ങിയത് എന്നാണ്‌ ഐതിഹ്യമെങ്കിലും വളരെ മുൻപേ തന്നെ മധുര ഉൾപ്പെട്ട തമിഴ് നാട്ടിലും മറ്റും ഓണാഘോഷം നടന്നിട്ടുള്ളതായി സംഘ കൃതികൾ വെളിപ്പെടുത്തുന്നു. സംഘകാലകൃതിയായ ‘മധുരൈകാഞ്ചി ‘യിലാണ്‌ ഓണത്തെക്കുറിച്ചുളള ആദ്യപരാമർശങ്ങൾ കാണുന്നത്‌. തിരുമാൾ (മഹാവിഷ്ണു)വിന്റെ ജന്മദിനമായിട്ടാണ് ഓണം ആഘോഷിക്കുന്നതെന്ന് മധുരൈകാഞ്ചി 590 മുതലുള്ള അടികളിൽ പറയുന്നു. ക്രമേണ കാർഷികവും വാണിജ്യവുമായി അതു മാറി.

വാമനവിജയത്തെ അടിസ്ഥാനമാക്കി ക്ഷേത്രോത്സവമായിട്ടായിരുന്നു ആദ്യകാലങ്ങളിൽ ഓണം തുടങ്ങിയതെങ്കിലും പിന്നീട് അത് ഗാർഹികോത്സവമായി മാറി. കർക്കടക സംക്രാന്തിയിലെ (മിഥുനാന്ത്യം) കലിയനുവെക്കൽ മുതൽ കന്നിയിലെ ആയില്യമകംവഴി ഇരുപത്തെട്ടാമോണം വരെ അതു നീളുന്നു.  ചിങ്ങമാസത്തിലെ അത്തം നക്ഷത്രം മുതൽ തുടങ്ങുന്ന ഓണാഘോഷം തിരുവോണം നാളിൽ അതിൻറെ എല്ലാവിധ പ്രാധാന്യത്തോടെയും ആഘോഷിക്കുന്നു. തൃക്കാക്കരയാണ്‌ ഓണത്തപ്പന്റെ ആസ്ഥാനം. എന്നാൽ അവിടെ മഹാബലിക്കു പകരം വാമന മൂർത്തിയെയാണ് ആരാധിക്കുന്നത്.

കാലത്തിനനുസരിച്ച് ഓണത്തിലും കാതലായ മാറ്റങ്ങൾ വന്നിട്ടുണ്ട്.  എന്നിരുന്നാലും മഹാബലി തിരുമേനിയെ തന്നെയാണ് ഓരോ മലയാളിയും ഓണത്തിന് വരവേൽക്കുന്നത്.  സത്യവും നീതിയും ധാർമ്മികതയും മാനുഷികതയും ജാതി മത വർണ്ണ വർഗ്ഗാതീതമായ ഒരു നവലോകം തന്നെയാണ് ആത്യന്തികമായി നമ്മുടെ ഉള്ളിലുള്ളത് എന്നത് ഓണത്തിലൂടെ നമുക്ക് അനുമാനിക്കാം.  മഹാബലിയുടെ സങ്കല്പത്തിലുള്ള നാടായി കേരളം മാത്രമല്ല ലോകം മുഴുവൻ മാറട്ടെ എന്ന് ഈ ഓണത്തിൽ നമുക്കാശംസിക്കാം.

ഓണാശംസകൾ

Related Articles

Back to top button