India

ബൂസ്റ്റർ ഡോസ്; ജൂലൈ 15 മുതൽ 75 ദിവസം സൗജന്യ വാക്‌സിനേഷൻ

“Manju”

ന്യൂഡൽഹി: രാജ്യത്ത് ബൂസ്റ്റർ ഡോസ് സൗജന്യമാക്കി. ജൂലൈ 15 മുതൽ സൗജന്യ ബൂസ്റ്റർ ഡോസ് വാക്‌സിനേഷൻ ആരംഭിക്കുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. കൊറോണ പ്രതിരോധ വാക്‌സിന്റെ മൂന്നാം ഡോസായ ബൂസ്റ്റർ ഡോസ് ജൂലൈ 15 മുതൽ 75 ദിവസം വരെയാണ് സൗജന്യമായി നൽകുക.

പൊതുജനാരോഗ്യ കേന്ദ്രങ്ങളിൽ ബൂസ്റ്റർ വാക്‌സിൻ സൗജന്യമായിരിക്കുമെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ അറിയിച്ചു. അതേസമയം സ്വകാര്യ കേന്ദ്രങ്ങളിൽ തുടരുന്ന പെയ്ഡ്-വാക്‌സിനേഷൻ മുടക്കമില്ലാതെ പുരോഗമിക്കുമെന്നും അദ്ദേഹം അറിയിച്ചു.

നേരത്തെ ഒമ്പത് മാസമായിരുന്നു ബൂസ്റ്റർ ഡോസ് എടുക്കുന്നതിനാവശ്യമായ ഇടവേള. അതായത്, രണ്ടാം ഡോസ് സ്വീകരിച്ച് ഒമ്പത് മാസം പിന്നിട്ടാൽ ബൂസ്റ്റർ ഡോസെടുക്കാം. എന്നാൽ കഴിഞ്ഞ ജൂലൈ ആറിന് ഈ നിർദേശത്തിൽ കേന്ദ്രസർക്കാർ മാറ്റംവരുത്തി. ഒമ്പത് മാസത്തെ ഇടവേളയെന്നത് ആറ് മാസമായി വെട്ടിക്കുറച്ചു.

60 വയസിന് മുകളിലുള്ളവർക്കും ആരോഗ്യപ്രവർത്തകർക്കും മുൻനിര പോരാളികൾക്കും നേരത്തെ തന്നെ ബൂസ്റ്റർ ഡോസ് സൗജന്യമായിരുന്നു. തുടർന്നാണ് 18 വയസിന് മുകളിലുള്ള എല്ലാവർക്കും ഇപ്പോൾ ബൂസ്റ്റർ ഡോസ് സൗജന്യമാക്കിയിരിക്കുന്നത്.

നിലവിൽ രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം വർധിച്ച് വരികയാണ്. ഒന്നേകാൽ ലക്ഷമാളുകളാണ് രാജ്യത്ത് കൊറോണ ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 16,906 രോഗികളും റിപ്പോർട്ട് ചെയ്തിരുന്നു. 45 കൊറോണ മരണവും സ്ഥിരീകരിച്ചിട്ടുണ്ട്.

Related Articles

Back to top button