Latest

ലിംഗസമത്വം ഏറ്റവും മോശം അഫ്ഗാനിസ്താനിൽ; തൊട്ടുപിറകിൽ പാകിസ്താൻ

“Manju”

കാബൂൾ: ലിംഗസമത്വത്തിൽ ഏറ്റവും മോശം രാജ്യം അഫ്ഗാനിസ്താനെന്ന് വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ (WEF) റിപ്പോർട്ട്. 146 രാജ്യങ്ങളുടെ പട്ടികയിൽ ഏറ്റവും ഒടുവിലാണ് അഫ്ഗാനിസ്താന്റെ സ്ഥാനം. ഏറ്റവും മോശം ലിംഗസമത്വമുള്ള രണ്ടാമത്തെ രാജ്യം പാകിസ്താനാണെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. ലിംഗസമത്വത്തിന്റെ പട്ടികയിൽ 145-ാം സ്ഥാനമാണ് പാകിസ്താനുള്ളത്.

വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ ഗ്ലോബൽ ജെൻഡർ ഗ്യാപ് ഇൻഡക്‌സിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്. സാമ്പത്തിക പങ്കാളിത്തം, അവസരം, വിദ്യാഭ്യാസമേഖലയിലെ നേട്ടം, ആരോഗ്യം, അതിജീവനം, രാഷ്‌ട്രീയമേഖലയിലെ ശാക്തീകരണം, ലിംഗസമത്വത്തിലുള്ള പരിണാമം എന്നീ മാനദണ്ഡങ്ങൾ കണക്കിലെടുത്താണ് ഒരു രാജ്യത്തിന്റെ ലിംഗസമത്വം പരിശോധിക്കുന്നത്. ഇതിനായി 146 രാഷ്‌ട്രങ്ങളെയാണ് പരിഗണിച്ചത്. ഇതിൽ ഒടുവിലത്തെ സ്ഥാനമാണ് അഫ്ഗാനിസ്താന് ലഭിച്ചിരിക്കുന്നതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

അതിനിടെ വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ ലിംഗസമത്വ റിപ്പോർട്ട് തള്ളി അഫ്ഗാനിലെ താലിബാൻ ഭരണകൂടം രംഗത്തെത്തി. ഇസ്ലാമിക നിയമങ്ങളാൽ അനുസൃതമായി സ്ത്രീകളുടെ എല്ലാ അവകാശങ്ങളും അഫ്ഗാനിൽ പരിഗണിക്കുന്നുണ്ടെന്നായിരുന്നു താലിബാൻ ഉപവക്താവ് ബിലാൽ കരീമി പ്രതികരിച്ചത്. രാജ്യത്ത് നിലവിലുള്ള ആവശ്യകതകൾ അനുസരിച്ച് സ്ത്രീകൾക്ക് പല അവസരങ്ങളും നൽകുന്നതിനെക്കുറിച്ച് അഫ്ഗാൻ സർക്കാർ പരിഗണിക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

കൂടാതെ അൾജീരിയ, ഇറാൻ എന്നീ രാജ്യങ്ങളും ലിംഗസമത്വത്തിൽ ഏറ്റവും താഴ്ന്ന സ്‌കോർ രേഖപ്പെടുത്തി. ലിംഗസമത്വത്തിൽ അഫ്ഗാനിസ്താൻ ഒടുവിലായപ്പോൾ, തൊട്ടുപിറകിലാണ് പാകിസ്താൻ സ്ഥാനം പിടിച്ചത്. പാകിസ്താനിൽ 107 ദശലക്ഷം സ്ത്രീകളുണ്ടെന്നും രാജ്യത്തെ ജെൻഡർ ഗ്യാപ് ഇൻഡക്‌സ് 56.4 ശതമാനമാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

Related Articles

Back to top button