IndiaKeralaLatest

ബ്രഹ്മദത്തനെത്തി ഓമനച്ചേട്ടന് കണ്ണീർ പ്രണാമം നൽകാൻ

“Manju”

കൂരോപ്പട: മൂന്ന് പതിറ്റാണ്ട് കാലമായി തന്നെ പരിപാലിച്ച ഓമനച്ചേട്ടന് യാത്രാമൊഴി നൽകാൻ പല്ലാട്ട് ബ്രഹ്മദത്തൻ എത്തി. ആനകളുടെ കളിത്തോഴനും പാപ്പാനുമായിരുന്ന ളാക്കാട്ടൂർ കുന്നക്കാട്ട് ഓമനച്ചേട്ടൻ (ദാമോദരൻ നായർ – 74) വ്യാഴാഴ്ച രാവിലെയാണ് അർബുദ രോഗത്തെത്തുടർന്ന് നിര്യാതനായത്. ആറ് പതിറ്റാണ്ടോളമായി ഓമനച്ചേട്ടൻ ആനകളുടെ പരിപാലനവുമായി രംഗത്തുണ്ടായിരുന്നു. ആനകളെ സ്നേഹിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന ആനകൾ തിരിച്ച് സ്നേഹം നൽകുകയും ചെയ്യുന്ന അപൂർവ്വം പാപ്പാന്മാരിൽ ഒരാളായിരുന്നു ഓമനച്ചേട്ടൻ.
ഒരിക്കൽ പോലും ഓമനച്ചേട്ടൻ അനുസരണക്കേട് കാണിക്കുന്ന ആനകളെപ്പോലും മർദിച്ചിട്ടില്ല. ബ്രഹ്മദത്തൻ പുതുപ്പള്ളിയിൽ ആയിരുന്നപ്പോഴും ഇപ്പോൾ ഈരാറ്റുപേട്ട മേലമ്പാറ സ്വദേശികളുടെ ഉടമസ്ഥതയിലായപ്പോഴും കഴിഞ്ഞ മുപ്പത് വർഷത്തോളമായിപാപ്പാൻ ഓമനച്ചേട്ടൻ തന്നെയായിരുന്നു. കേരളത്തിലെ പ്രധാനപ്പെട്ട ക്ഷേത്രങ്ങളിൽ ബ്രഹ്മദത്തനും ഓമനച്ചേട്ടനും സ്ഥിരസാന്നിധ്യമായിരുന്നു. ആനപ്രേമികൾക്കും ഈ ആനയും ആനക്കാരനും പ്രിയങ്കരരായിരുന്നു.
ഇവരുടെ സ്നേഹപ്രകടനങ്ങൾ ആരെയും ആകർഷിക്കുന്നതായിരുന്നു. ഇത്തവണത്തെ തൃശൂർ പൂരത്തിനും ഓമനച്ചേട്ടനും ബ്രഹ്മദത്തനും എത്തിയിരുന്നു. അവസാനത്തെ പൊതു ചടങ്ങും അതായിരുന്നു. ഓമനച്ചേട്ടൻ മരിച്ചതിനെ തുടർന്ന് ബ്രഹ്മദത്തന്റെ ഉടമകളും സഹോദരങ്ങളുമായ പല്ലാട്ട് രാജേഷും മനോജും മേലമ്പാറയിൽ നിന്ന് ആനയെ ളാക്കാട്ടൂരിലെ ഓമനച്ചേട്ടന്റെ വീട്ടിലെത്തിക്കുകയായിരുന്നു.
വീടിൻ്റെ തിണ്ണയിൽ കിടത്തിയിരുന്ന ഓമനച്ചേട്ടന്റെ മൃതദേഹത്തിന്റെ സമീപം എത്തിയ ആന തുമ്പിക്കൈ ഉയർത്തി പ്രണാമമർപ്പിച്ചപ്പോൾ ഓമനച്ചേട്ടൻ്റെ മക്കളായ രാജേഷും പ്രിയയും പ്രീതയും മറ്റ് ബന്ധുക്കളും പൊട്ടിക്കരയുകയായിരുന്നു.
ഓമനച്ചേട്ടൻ്റെ മകൻ രാജേഷ് ആനയുടെ തുമ്പിക്കൈയിൽ പിടിച്ച് കരഞ്ഞപ്പോൾ ആനയുടെ കണ്ണുകളും നിറഞ്ഞ് തുളുമ്പിയത് നാട്ടുകാരെയും സങ്കടത്തിലാക്കി. പത്ത് മിനുട്ടോളം ആന മൃതശരീരത്തിന് മുൻപിൽ നിന്നതിനു ശേഷം സങ്കടത്തോടെ മടങ്ങുകയായിരുന്നു.
തുടർന്ന് സംസ്ക്കാര ചടങ്ങുകൾ പൂർത്തിയാക്കി. ഓമനച്ചേട്ടന് യാത്രാമൊഴി നൽകാൻ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നിരവധി പേർ എത്തി.

Related Articles

Back to top button