InternationalLatest

ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ സ്ത്രീകള്‍ക്ക് വിലക്ക്

“Manju”

ഇസ്ലാമാബാദ്: വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് സ്ത്രീകള്‍ക്ക് വിലക്കേര്‍പ്പെടുത്തി പാകിസ്ഥാനിലെ ‘ജിര്‍ഗ’ (ഗോത്രവര്‍ഗ കൗണ്‍സില്‍). സ്ത്രീകള്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ പ്രവേശിക്കുന്നതിന് സര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്തിയില്ലെങ്കില്‍ അത് തങ്ങള്‍ ഏറ്റെടുത്ത് നടപ്പിലാക്കുമെന്നും ജിര്‍ഗ മുന്നറിയിപ്പ് നല്‍കി. പാകിസ്ഥാനിലെ ബജോര്‍ ഗോത്രവര്‍ഗ ജില്ലയിലെ ഗോത്രമുഖ്യരുടെ സമിതിയാണ് ജിര്‍ഗ. പ്രമുഖ കക്ഷിയായ ജംഇയത്തുല്‍ ഉലമായെ ഇസ്‌ലാം ഫസ്ല്‍ (ജെ യു ഐ എഫ്) പ്രാദേശിക ഘടകം മുന്നറിയിപ്പ് നല്‍കിയതായി പാക് പത്രം ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു.

ഭര്‍ത്താവോ ബന്ധുക്കളോ ആയ പുരുഷന്‍മാര്‍ ഒപ്പമുണ്ടെങ്കിലും ഈ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ പ്രവേശിക്കാന്‍ സ്ത്രീകള്‍ക്ക് അനുവാദമുണ്ടാവില്ലെന്നാണ് ഇവര്‍ പറയുന്നത്. സ്ത്രീകളെ പൂര്‍ണമായും വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിന്നും വിട്ടുനിര്‍ത്തണമെന്നാണ് ഇവരുടെ ആവശ്യം. ബജോര്‍ ഗോത്രവര്‍ഗ ജില്ലയില്‍ നിരവധി വിനോദ സഞ്ചാര കേന്ദ്രങ്ങളുണ്ട്. ഇവിടേക്ക് പാകിസ്ഥാന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി സ്ത്രീകളും കുട്ടികളും അടക്കം അനേകം പേര്‍ എത്താറുണ്ട്.

പാകിസ്ഥാന്റെയും ഇസ്‌ലാമിന്റെയും മൂല്യങ്ങള്‍ക്കും പാരമ്പര്യത്തിനും എതിരായാണ് സ്ത്രീകള്‍ ഈ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ എത്തുന്നതെന്നാണ് ഇവരുടെ വാദം. വിനോദ സഞ്ചാരത്തിന്റെ മറവില്‍ ഇവിടെ അധാര്‍മികവും സദാചാര വിരുദ്ധവുമായ കാര്യങ്ങളാണ് നടക്കുന്നതെന്ന് ജിര്‍ഗ അംഗങ്ങള്‍ പറഞ്ഞു. കഴിഞ്ഞ ബലിപെരുന്നാള്‍ ദിനത്തില്‍ നൂറു കണക്കിന് സ്ത്രീകള്‍ ഇവിടെ വിനോദ സഞ്ചാരത്തിനായി എത്തിയതെന്നും, ഇത് നാടിനാപത്താണെന്നും ഇവര്‍ പറയുന്നു. സ്ത്രീകള്‍ സ്വതന്ത്രമായി ഇറങ്ങി നടക്കുന്നത് അനുവദിക്കാനാവില്ലെന്ന് സമിതി അംഗങ്ങള്‍ പറഞ്ഞു.

ബുധനാഴ്ച ഡബ്ല്യുഇഎഫ് പുറത്തിറക്കിയ ഗ്ലോബല്‍ ജെന്‍ഡര്‍ ഗ്യാപ്പ് റിപ്പോര്‍ട്ടില്‍ ലിംഗസമത്വത്തിന്റെ കാര്യത്തില്‍ പാകിസ്ഥാന്‍ രണ്ടാം സ്ഥാനത്താണ്. നിലവിലെ സംഭവ വികാസങ്ങളില്‍ ഈ റിപ്പോര്‍ട്ടിന് പ്രാധാന്യമേറെയാണ്. അതേസമയം, ജിര്‍ഗയുടെ ആവശ്യത്തിനോട് സര്‍ക്കാരോ സര്‍ക്കാര്‍ പ്രതിനിധികളോ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Related Articles

Back to top button