ArticleLatest

ജെയിംസ് ബോണ്ടിന്റെ സ്രഷ്ടാവിനു പ്രണാമം

“Manju”

 

ജെയിംസ് ബോണ്ട് എന്ന കുറ്റാന്വേഷണ കഥാപാത്രത്തിന്റെ സ്രഷ്ടാവാണ് ഇയാൻ ഫ്ലെമിങ് എന്ന ഇയാൻ ലങ്കാസ്റ്റർ ഫ്ലെമിങ് . ഇംഗ്ലിഷ് എഴുത്തുകാരനും പത്രപ്രവർത്തകനും നാവിക കുറ്റാന്വേഷണ ഉദ്യോഗസ്ഥനും ആയിരുന്നു. അദ്ദേഹത്തിന്റെ ഭാവനയിൽ വിരിഞ്ഞ കഥാപാത്രമായിരുന്നു അദ്ദേഹത്തേക്കാൾ ലോകപ്രശസ്തനായി മാറിയ ജയിംസ് ബോണ്ട്. ഇങ്ങനെ ഒരാൾ ജീവിച്ചിരിപ്പുണ്ട് എന്നായിരുന്നു പലരുടേയും ധാരണ.

ഇയാൻ ഫ്ലെമിങ് 1908 മെയ് 28നാണ് ജനിച്ചത്. ഇംഗ്ലണ്ടിലെ മെയ്‌ഫെയർ എന്ന ധനികരുടെ പ്രദേശത്തായിരുന്നു ജനനം. മാതാവ് ഐവ്ലിൻ സെന്റ് ക്രൂക്സ് റോസ് ആയിരുന്നു. പിതാവ് വാലെന്റൈൻ ഫ്ലെമിങ് ഒരു പാർലിമെന്റ് അംഗമായിരുന്നു

നേവൽ ഓഫീസറായ അദ്ദേഹം ആ പശ്ചാത്തലം തന്റെ നോവലുകളിൽ ഉപയോഗിച്ചിരിക്കുന്നു. ഫ്ലെമിങ് ആദ്യമായി എഴുതിയ നോവൽ കാസിനൊ റോയേൽ ആകുന്നു. ഇയാൻ ഫ്ലെമിങ് 1953-ൽ സൃഷ്ടിച്ച കുറ്റാന്വേഷണ കഥാപാത്രമാണ് 007 എന്ന കോഡ് നാമത്തിൽ അറിയപ്പെടുന്ന ജയിംസ് ബോണ്ട്. ബുദ്ധിരാക്ഷസനും പോരാളിയുമാണു കക്ഷി. ബ്രിട്ടിഷ് ചാരസംഘടനയ്ക്കുവേണ്ടി ലോകം മുഴുവൻ യാത്ര ചെയ്തു ശത്രുക്കളെ തുരത്തുന്ന സീക്രട് ഏജന്റ്. ബോണ്ടിനെ കേന്ദ്രകഥാപാത്രമാക്കി ഫ്ലെമിങ് 12 നോവലുകളും രണ്ടു ചെറുകഥാ സമാഹാരങ്ങളും രചിച്ചു.

1962ൽ ‘ഡോ. നോ’ എന്ന സിനിമയിലൂടെ ആരംഭിച്ച്, ചരിത്രത്തിൽ ഏറെക്കാലം നീണ്ടുനിന്നതും ഏറ്റവുമധികം ലാഭം നേടിയതുമായ ചലച്ചിത്ര പരമ്പരയും ബോണ്ട് സീരീസ് തന്നെ. 1964-ൽ ഫ്ലെമിങ്ങിന്റെ മരണത്തിനുശേഷം കിങ്‌സ്‌ലി ആമിസ് (റോബർട്ട് മർക്കം എന്ന പേരിൽ), ജോൺ പിയേഴ്സൺ, ജോൺ ഗാർഡ്നർ, റെയ്മണ്ട് ബെൻസൺ, സെബാസ്റ്റ്യൻ ഫോക്സ് തുടങ്ങിവർ ബോണ്ട് നോവലുകളെഴുതി.

കൂടാതെ ക്രിസ്റ്റഫർ വുഡ് രണ്ടു തിരക്കഥകൾ നോവലാക്കുകയും ചാർളി ഹിഗ്സൺ ചെറുപ്പക്കാരനായ ബോണ്ടിനെക്കുറിച്ച് ഒരു പരമ്പര രചിക്കുകയും ചെയ്തു. മറ്റ് അനൗദ്യോഗിക ബോണ്ട് കൃതികളും പുറത്തിറങ്ങിയിട്ടുണ്ട്.

ഇ.ഒ.എൻ. പ്രൊഡക്ഷന്റെ പരമ്പരയിൽ ഇതേവരെ 24 ചിത്രങ്ങൾ പുറത്തിറങ്ങിയിട്ടുണ്ട്. 2015 നവംബർ 20ന് പുറത്തിറങ്ങിയ സ്‌പെക്ടർ ആണ് ഇവയിൽ ഏറ്റവും പുതിയത്. ഇവ കൂടാതെ ഒരു അമേരിക്കൻ ടെലിവിഷൻ പരമ്പരയും ബോണ്ടിനെ ആധാരമാക്കി പുറത്തിറങ്ങിയിട്ടുണ്ട്. റേഡിയോ നാടകങ്ങൾ, കോമിക്സ്, വീഡിയോ ഗെയിമുകൾ എന്നീ മാദ്ധ്യമ രൂപങ്ങളിലും ബോണ്ട് കേന്ദ്ര കഥാപാത്രമായിട്ടുണ്ട്.

Related Articles

Back to top button