LatestThiruvananthapuram

കടുത്ത പിങ്ക് നിറത്തില്‍ ആകാശം

“Manju”

അന്റാര്‍ട്ടിക്ക: കഴിഞ്ഞ ദിവസം അന്‍റാര്‍ട്ടിക്കയിലെ ആകാശം ഇരുണ്ട പിങ്കും വയലറ്റും ആയി മാറിയപ്പോള്‍ ശാസ്ത്രജ്ഞര്‍ ഞെട്ടിപ്പോയി. എന്നാല്‍ താമസിയാതെ ശാസ്ത്ര സമൂഹം ഈ വിചിത്രമായ പ്രതിഭാസത്തിന്റെ കാരണം കണ്ടെത്തി. ഈ വര്‍ഷം ജനുവരി 13ന് ഉണ്ടായ ടോംഗ ഭൂകമ്പമാണ് ഇതിന് പിന്നിലെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. ടോംഗയുടെ തലസ്ഥാനമായ നുക്കുവോലോഭയില്‍ നിന്ന് 64 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഹുംഗ ടോംഗ എന്ന സമുദ്രാന്തര അഗ്നിപര്‍വതമാണു ജനുവരിയില്‍ പൊട്ടിത്തെറിച്ചത്.

കഴിഞ്ഞ 30 വര്‍ഷത്തിനിടെ ആദ്യമായാണ് ഇത്തരത്തില്‍ സ്ഫോടനം ഉണ്ടാകുന്നത്. ദുരന്തത്തില്‍ മൂന്ന് പേരാണ് കൊല്ലപ്പെട്ടതെങ്കിലും, ദുരന്തം ടോംഗയുടെ സാമൂഹിക, സാമ്പത്തിക, വാര്‍ത്താവിനിമയ മേഖലകള്‍ക്ക് വ്യാപകമായ നാശനഷ്ടമുണ്ടാക്കി.

60 ലക്ഷം ടണ്‍ ടിഎ‍ന്‍ടി ഊര്‍ജം പുറത്തുവിട്ട വിസ്ഫോടനമായിരുന്നു ടോംഗയ്ക്കു സമീപം സംഭവിച്ചതെന്ന് നാസ വിലയിരുത്തുന്നു. സ്ഫോടനം ലോകമെമ്പാടും സഞ്ചരിച്ച ഒരു സോണിക് ബൂം പ്രതിഭാസത്തിലേക്കും നയിച്ചു. അഗ്നിപര്‍വ്വത സ്ഫോടനത്തിന്റെ തുടര്‍ച്ചയായി 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം രണ്ടാഴ്ചയ്ക്ക് ശേഷം ടോംഗയിലെ ലിഫുക്ക ദ്വീപിന് സമീപമാണ് ഉണ്ടായത്. 14.5 ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. അഗ്നിപര്‍വത സ്ഫോടനത്തിന്റെ ചാരം ഏകദേശം 50 കിലോമീറ്ററോളം ഉയരുകയും ടോംഗയെ വളയുകയും ചെയ്തു. ഈ ചാരത്തില്‍ സള്‍ഫേറ്റ് അടങ്ങിയിട്ടുണ്ട്. അതേസമയം, സ്ഫോടനത്തെ തുടര്‍ന്ന് വിവിധ ലവണങ്ങളും നീരാവികളും അന്തരീക്ഷത്തില്‍ പ്രവേശിച്ചു. ശാസ്ത്രജ്ഞരുടെ അഭിപ്രായത്തില്‍, ഈ കണികകളാണ് സൂര്യപ്രകാശം തട്ടിത്തെറിപ്പിച്ച്‌ പിങ്ക്, വയലറ്റ്, പര്‍പ്പിള്‍ എന്നിവയില്‍ ആകാശം മാറാന്‍ കാരണമാവുകയും ചെയ്തത്.

Related Articles

Back to top button