KeralaLatest

ആ ചരിത്രം മാറ്റിയെഴുതപ്പെട്ടു: പ്രവാസിപ്പണം ഏറ്റവുമധികം ഇന്ത്യയിലേക്ക് അയച്ചത് കേരളമല്ല

“Manju”

കൊച്ചി: ഏറ്റവുമധികം പ്രവാസിപ്പണം നേടുന്ന രാജ്യമെന്ന പട്ടം 2021ലും ഇന്ത്യ നിലനിറുത്തിയെന്ന് യു.എന്നിന് കീഴിലെ ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട്. 8,700 കോടി ഡോളര്‍ നേടിയാണ് ഇന്ത്യ കഴിഞ്ഞവര്‍ഷവും ഒന്നാംസ്ഥാനം ചൂടിയത്. ചൈന, മെക്‌സിക്കോ, ഫിലിപ്പൈന്‍സ്, ഈജിപ്ത് എന്നിവയാണ് യഥാക്രമം ഇന്ത്യയ്ക്ക് തൊട്ടുപിന്നാലെയുള്ളത്.

ചൈനയും മെക്‌സിക്കോയും 5,300 കോടി ഡോളര്‍ വീതവും ഫിലിപ്പൈന്‍സ് 3,600 കോടി ഡോളറും ഈജിപ്ത് 3,300 കോടി ഡോളറുമാണ് നേടിയത്. ഇന്ത്യയിലേക്ക് ഏറ്റവുമധികം പ്രവാസിപ്പണമെത്തുന്ന രാജ്യമെന്ന പട്ടം യു.എ.ഇയില്‍ നിന്ന് കഴിഞ്ഞവര്‍ഷം അമേരിക്ക പിടിച്ചെടുത്തുവെന്ന് റിപ്പോര്‍ട്ടിലുണ്ട്. സൗദി അറേബ്യ മൂന്നാമതും സ്വിറ്റ്‌സര്‍ലന്‍ഡ് നാലാമതുമാണ്.
ലോകത്ത് എട്ടിലൊരാള്‍ പ്രവാസിയാണെന്നും ആകെ 100 കോടിയോളം പ്രവാസികളുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു. 2021ല്‍ ലോകത്തെ മൊത്തം പ്രവാസിപ്പണം 1.7 ശതമാനം കുറഞ്ഞ് 54,900 കോടി ഡോളറായി. ഇത് മൊത്തം വികസനച്ചെലവിന്റെ മൂന്നുമടങ്ങ് അധികവും നേരിട്ടുള്ള വിദേശ നിക്ഷേപത്തിന്റെ പാതിയോളവും വരും. വെല്ലുവിളികളുണ്ടെങ്കിലും 2022ലും പ്രവാസിപ്പണമൊഴുക്ക് വര്‍ദ്ധിക്കുമെന്നാണ് പ്രതീക്ഷയെന്നും റിപ്പോര്‍ട്ടിലുണ്ട്.
കൊവിഡിലെ പ്രതിസന്ധി : കൊവിഡും സാമ്ബത്തിക പ്രതിസന്ധികളും മൂലം 2020-21ല്‍ കേരളത്തിലേക്കുള്ള പ്രവാസിപ്പണമൊഴുക്ക് പകുതിയായെന്ന് റിസര്‍വ് ബാങ്ക് കഴിഞ്ഞദിവസം പുറത്തുവിട്ട റിപ്പോര്‍ട്ട് വ്യക്തമാക്കിയിരുന്നു.
ഇന്ത്യയിലേക്കുള്ള മൊത്തം പ്രവാസിപ്പണത്തിന്റെ 19 ശതമാനവും കേരളത്തിലേക്കായിരുന്നു. ഇത് 2020-21ല്‍ 10.2 ശതമാനമായി കുറഞ്ഞു. വിഹിതം 16.7ല്‍ നിന്ന് 35.2 ശതമാനമായി മെച്ചപ്പെടുത്തിയ മഹാരാഷ്‌ട്ര കേരളത്തില്‍ നിന്ന് ഒന്നാംസ്ഥാനവും പിടിച്ചെടുത്തു.

Related Articles

Back to top button