InternationalLatest

ചൊവ്വയിലെ രാത്രികാല ചിത്രം പകര്‍ത്തി ഹോപ്പ്

“Manju”

ദുബൈ: യു.എ.ഇയുടെ ചൊവ്വാദൗത്യ പേടകമായ ഹോപ്പ്​ ചൊവ്വയുടെ അപൂര്‍വ ചിത്രം പകര്‍ത്തി. ഗ്രഹത്തിന്റെ രാത്രികാല അന്തരീക്ഷത്തിലെ വ്യത്യസ്​തമായ അറോറ (ധ്രുവദീപ്​തി) യുടെ ചിത്രമാണ്​ പകര്‍ത്തിയത്​. ഭൂമിയില്‍ സംഭവിക്കുന്ന ഉത്തരധ്രുവത്തിലെ അറോറ​ പ്രതിഭാസത്തിന് സമാനമായ പ്രകാശത്തിന്റെ ചിത്രമാണ്​ ലഭിച്ചത്​​. സൗരവികിരണം, ചൊവ്വയുടെ കാന്തികഭാഗങ്ങള്‍, അന്തരീക്ഷം എന്നിവ തമ്മിലുള്ള ബന്ധം മനസ്സിലാക്കാന്‍ ശാസ്ത്രജ്ഞരെ ഈ കണ്ടെത്തല്‍ സഹായിക്കുമെന്നാണ്​ വിലയിരുത്തപ്പെടുന്നത്​.
സൂര്യനും ചൊവ്വയും തമ്മിലെ പഠനത്തിന്റെ മേഖലയില്‍ ശാസ്ത്രത്തിന് വലിയ സാധ്യതകള്‍ തുറക്കുന്ന കണ്ടെത്തലാണിതെന്ന്​ യു.എ.ഇ വൈസ്​ പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ട്വിറ്ററില്‍ കുറിച്ചു.
കണ്ടെത്തല്‍ ആഗോളതലത്തില്‍ വളരെ സുപ്രധാനമാണെന്നും ആദ്യമായാണ്​ ഈ വിഷയത്തില്‍ വ്യക്​തമായ നിരീക്ഷണത്തിന്​ സാധിക്കുന്നതെന്നും ഹോപ്പ്​ ദൗത്യത്തിന്റെ  മേധാവി ഹെസ്സ മത്രൂഷി പറഞ്ഞു. പത്ത് മിനിറ്റ് നിരീക്ഷണത്തിലൂടെ ചൊവ്വയുടെ അറോറകളെക്കുറിച്ച പത്തുവര്‍ഷത്തെ പഠനം പൂര്‍ണമായും മറികടക്കാന്‍ സാധിച്ചതായി ചിത്രത്തെ കുറിച്ച്‌​ ഇമാറാത്ത്​ ചൊവ്വാ ദൗത്യത്തിന്റെ  ഡെപ്യൂട്ടി സയന്‍സ്​ ലീഡ്​ ആയ ജസ്​റ്റിന്‍ ഡീഗന്‍ പറഞ്ഞു.
നേരത്തെ സ്വപ്​നം കാണാന്‍ മാത്രം കഴിഞ്ഞിരുന്ന ചൊവ്വാ പഠനത്തിന്റെ മേഖലകളിലേക്ക്​ നയിക്കാന്‍ പര്യാപ്​തമായ കണ്ടുപിടിത്തമാണിതെന്നും അദ്ദേഹം പറഞ്ഞു. യു.എ.ഇയുടെ പ്രോബ്​ ദൗത്യത്തി​െന്‍റ യഥാര്‍ഥ ഉദ്ദേശ്യത്തിനും അപ്പുറമുള്ള അത്ഭുതപ്പെടുത്തുന്ന നിരീക്ഷണമാണ്​ നടത്തിയിരിക്കുന്നതെന്നും അദ്ദേഹം വ്യക്​തമാക്കി.
ചൊവ്വക്ക്​ മൂന്നുതരം അറോറകളുണ്ടെന്ന്​ നേരത്തെ നാസ കണ്ടെത്തിയിരുന്നു.ഇവയിലെ പകല്‍നേരത്തെ പ്രതിഭാസം മാത്രമാണ്​ വിശദമായി പഠിക്കാന്‍ സധിച്ചിട്ടുള്ളത്​. അപൂര്‍വമായി മാത്രമാണ്​ രാത്രികാല അറോറ പകര്‍ത്താന്‍ സാധിക്കുന്നത്​. ഹോപ്പ്​ പ്രോബി​ന്റെ പ്രത്യേക സവിശേഷതയാണ്​ ഇതിന്​ സഹായകമായത്​.
ഭൂമിയിലെ അറോറ -അറോറ അഥവാ ധ്രുവദീപ്​തി
സൂര്യനില്‍ നിന്നുള്ള കണവികിരണങ്ങള്‍ കാരണമായി സംഭവിക്കുന്ന പ്രത്യേക പ്രകാശമാണ്​ അറോറ.ഭൂമിയില്‍ സാധാരണ രാത്രിയുടെ അവസാനത്തില്‍ ഈ വെളിച്ചം കാണാറുണ്ട്​. ആകാശത്ത്​ പടര്‍ന്നുനില്‍ക്കുന്ന ഈ വെളിച്ചം പലപ്പോഴും മനോഹരമായ കാഴ്​ചയായിരിക്കും.
ചൊവ്വയിലെ അറോറ പകര്‍ത്തുന്നതിലൂടെ സൂര്യനും ചൊവ്വയും തമ്മിലുള്ള ബന്ധത്തെ കുറിച്ച പഠനത്തില്‍ ഏറെ മുന്നോട്ടുപോകാന്‍ കഴിയും.

 

Related Articles

Back to top button