Latest

നഷ്ടപരിഹാരം: ഉത്തരവിനെതിരെ സർക്കാർ ഹൈക്കോടതിയിൽ

“Manju”

തിരുവനന്തപുരം: ആറ്റിങ്ങലിൽ പിങ്ക് പോലീസ് അപമാനിച്ച എട്ടുവയസുകാരിക്ക് നഷ്ടപരിഹാരം നൽകണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സർക്കാർ സമർപ്പിച്ച ഹർജി ഇന്ന് ഹൈക്കോടതിയിൽ. ഡിവിഷൻ ബെഞ്ചാണ് സർക്കാരിന്റെ ഹർജി പരിഗണിക്കുക.

പരാതിക്കാരിയായ കുട്ടിക്ക് സർക്കാർ നഷ്ടപരിഹാരം നൽകണമെന്നായിരുന്നു സിംഗിൾ ബെഞ്ചിന്റെ ഉത്തരവ്. എന്നാൽ ഉദ്യോഗസ്ഥർ ചെയ്യുന്ന വ്യക്തിപരമായ കുറ്റങ്ങളുടെ ബാധ്യത സർക്കാരിന് ഏറ്റെടുക്കാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി കോടതിയിൽ ഹർജി നൽകുകയായിരുന്നു.

മൊബൈൽ മോഷണം ആരോപിച്ച് പോലീസ് അപമാനിച്ച പെൺകുട്ടിക്ക് നഷ്ടപരിഹാരമായി ഒന്നരലക്ഷം രൂപയും കോടതി ചിലവുകൾക്കായി 25,000 രൂപയും നൽകാനായിരുന്നു ഹൈക്കോടതി നിർദേശം. ഇത് പോലീസ് ഉദ്യോഗസ്ഥയായ രജിതയിൽ നിന്ന് ഈടാക്കണമെന്നാണ് സർക്കാരിന്റെ തീരുമാനം.

2021 ഓഗസ്റ്റ് 27നായിരുന്നു ആറ്റിങ്ങലിൽ വെച്ച് പെൺകുട്ടിയെയും പിതാവിനെയും പിങ്ക് പോലീസ് നടുറോഡിൽവെച്ച് അപമാനിച്ചത്. മൊബൈൽ മോഷ്ടിച്ചെന്നാരോപിച്ചായിരുന്നു സിവിൽ പോലീസ് ഓഫീസർ രജിത പെൺകുട്ടിയെ അധിക്ഷേപിച്ചത്. മൊബൈൽ പിന്നീട് മറ്റൊരിടത്ത് നിന്ന് കണ്ടെത്തിയിട്ടും നടുറോഡിൽ നിന്ന് കരയുകയായിരുന്ന പെൺകുട്ടിയെ ആശ്വസിപ്പിക്കാൻ രജിത തയ്യാറായിരുന്നില്ല.

ശേഷം പെൺകുട്ടിയുടെ പിതാവ് ഹൈക്കോടതിയെ സമീപിച്ചതോടെയാണ് പോലീസ് ഉദ്യോഗസ്ഥയെ സംരക്ഷിക്കാൻ ശ്രമിച്ച സർക്കാരിന് ഉൾപ്പെടെ കനത്ത തിരിച്ചടി ലഭിച്ചത്. സർക്കാർ നഷ്ടപരിഹാരം നൽകണമെന്ന് കോടതി ഉത്തരവിട്ടപ്പോൾ പോലീസ് ഉദ്യോഗസ്ഥയിൽ നിന്ന തുകയീടാക്കാനാണ് സർക്കാരിന്റെ നീക്കം.

Related Articles

Back to top button