India

തെറ്റ് ചെയ്തിട്ടില്ലെങ്കിൽ എന്തിനാണ് ഭയപ്പെടുന്നത്?; സഞ്ജയ് റാവത്തിനോട് ഷിൻഡെ

“Manju”

മുംബൈ: ശിവസേന എംപി സഞ്ജയ് റാവത്തിന്റെ വസതിയിൽ ഞായറാഴ്ച രാവിലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തിയ റെയ്ഡിൽ പ്രതികരിച്ച് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ. തെറ്റൊന്നും ചെയ്തിട്ടില്ലെങ്കിൽ എന്തിനാണ് പിന്നെ ഭയപ്പെടുന്നതെന്ന് പാർലമെന്റംഗത്തോട് മുഖ്യമന്ത്രി ചോദിച്ചു. തെറ്റ് ചെയ്തിട്ടില്ലെങ്കിൽ ശിവസേന നേതാവ് ഒന്നിനെയും പേടിക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

താൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് റാവുത്ത് പറയുന്നു, എങ്കിൽ പിന്നെ ഭയപ്പെടേണ്ട കാര്യമില്ല. ഇഡിയുടെ നടപടികളിൽ ആർക്കെങ്കിലും പേടിയുണ്ടെങ്കിൽ അവർ ശിവസേനയിലോ ബിജെപിയിലോ ചേരേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം കേന്ദ്രസർക്കാർ ഇഡിയെ രാഷ്‌ട്രീയ പകപോക്കലിനായി ഉപയോഗിക്കുകയാണെന്ന ആരോപണങ്ങൾ ഏകനാഥ് ഷിൻഡെ നിഷേധിച്ചു. കേന്ദ്ര സർക്കാരിനെ ഭയന്നാണ് ഇഡി പ്രവർത്തിക്കുന്നതെങ്കിൽ സുപ്രീം കോടതി ഇക്കാര്യത്തിൽ നടപടിയെടുക്കണമെന്നും അന്വേഷണ ഏജൻസികൾ അവരുടെ ചുമതലയാണ് നിർവഹിക്കുന്നതെന്നും ഷിൻഡെ വ്യക്തമാക്കി.

ഞായറാഴ്ച രാവിലെയാണ് മുംബൈയിലുള്ള സഞ്ജയ് റാവത്തിന്റെ വസതിയിൽ ഇഡിയുടെ സംഘം റെയ്ഡിനെത്തിയത്. മുംബൈയിലെ ഭാണ്ഡൂപ്പിലുള്ള ‘മൈത്രി’ വസതിയിലാണ് ഇഡി സംഘം പരിശോധന നടത്തിയത്. പത്ര ചാൾ ഭൂമി തട്ടിപ്പുകേസുമായി ബന്ധപ്പെട്ടായിരുന്നു ഇഡിയുടെ നടപടി. കേസന്വേഷണത്തിന്റെ ഭാഗമായി സഞ്ജയ് റാവത്തിനയച്ച രണ്ട് സമൻസുകൾ അദ്ദേഹം അവഗണിച്ചിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണം ചൂണ്ടിക്കാട്ടിയായിരുന്നു സമൻസ് അവഗണിച്ചത്. ഇതോടെ സഞ്ജയ് റാവിത്തിന്റെ വീട്ടിൽ ഇഡി നേരിട്ടെത്തുകയായിരുന്നു.

പത്ര ചാളിന്റെ പുനർവികസനവുമായി ബന്ധപ്പെട്ട് 1,034 കോടി രൂപയുടെ അഴിമതി നടത്തിയെന്നാണ് കേസ്. എന്നാൽ താനൊരു തെറ്റും ചെയ്തിട്ടില്ലെന്നും അന്വേഷണം രാഷ്‌ട്രീയ പകപോക്കലിന്റെ ഭാഗമാണെന്നുമാണ് സഞ്ജയ് റാവത്തിന്റെ വാദം.

Related Articles

Back to top button