IndiaLatest

പണം തിരികെ ആവശ്യപ്പെട്ട് നിക്ഷേപകർ തെരുവിൽ; ചൈന സാമ്പത്തിക പ്രതിസന്ധിയിലേക്ക്

“Manju”

ബീജിംഗ്: ശ്രീലങ്കയ്‌ക്ക് പിന്നാലെ ചൈനയും വൻ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുന്നതായി റിപ്പോർട്ടുകൾ. ചൈനീസ് ബാങ്കുകൾ 300 ബില്ല്യൺ ഡോളർ നഷ്ടത്തിലാണെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. പണം പിൻവലിക്കാൻ സാധിക്കാത്തതിനാൽ ചൈനയിലെ ബാങ്കുകൾക്ക് മുന്നിൽ നിക്ഷേപകർ പ്രതിഷേധിക്കുന്നതിന്റെ ദൃശ്യങ്ങൾ അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ പുറത്തു വിട്ടു.

സാമ്പത്തിക രംഗം പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ, സാമ്പത്തിക പുനക്രമീകരണ പദ്ധതിക്ക് സർക്കാർ രൂപം നൽകി വരികയാണ്. ഇതിനിടെ നിക്ഷേപകർ കൂട്ടത്തോടെ പണം പിൻവലിക്കാൻ എത്തുന്നത് ബാങ്കുകളെ കൂടുതൽ പ്രതിസന്ധിയിലാക്കുകയാണ്. പണം തിരികെ ആവശ്യപ്പെട്ട് ബാങ്കുകൾക്ക് മുന്നിൽ പ്രതിഷേധിച്ചവർക്ക് നേരേ ചൈനയിൽ പോലീസ് നടപടി ഉണ്ടായത് അന്താരാഷ്‌ട്ര മാദ്ധ്യമങ്ങളിൽ വാർത്തയായിരുന്നു.

നിക്ഷേപകർക്ക് പണം തിരികെ ലഭിക്കാത്തത് നിർമ്മാണ മേഖലയിൽ ഉൾപ്പെടെ പ്രതിസന്ധി സൃഷ്ടിക്കുകയാണ്. വാണിജ്യ രംഗവും ഏറെക്കുറെ നിശ്ചലാവസ്ഥയിലേക്ക് നീങ്ങുന്നതായാണ് വിവരം. നിർമ്മാണം പൂർത്തിയാകാത്ത ഫ്ലാറ്റ് സമുച്ചയങ്ങൾക്ക് മുന്നിൽ, മുൻകൂർ പണം അടച്ച് ഫ്ലാറ്റുകൾ ബുക്ക് ചെയ്തവർ തടിച്ച് കൂടി പ്രതിഷേധിക്കുന്നതും ചൈനയിലെ സാമ്പത്തിക പ്രതിസന്ധിയുടെ നേർക്കാഴ്ചയാണ്.

അതിനിടെ പണം തിരികെ ആവശ്യപ്പെടുന്ന നിക്ഷേപകർക്കെതിരെ പരാതി നൽകിയ ശേഷം അവരുടെ അക്കൗണ്ടുകൾ മരവിപ്പിക്കുന്ന നടപടി ചൈനയിലെ ബാങ്കുകൾ സ്വീകരിക്കുന്നത് പ്രതിഷേധങ്ങൾ രൂക്ഷമാക്കുകയാണ്. ഇത്തരത്തിലുള്ള സംഭവങ്ങൾ ഹെനാനിലും ആൻഹുയിയിലും ജനങ്ങളെ സർക്കാരിനെതിരെ തിരിയാൻ പ്രേരിപ്പിക്കുന്നതായി വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്യുന്നു. 14 ട്രില്ല്യൺ ഡോളറിന്റെ ആസ്തികൾ കൈകാര്യം ചെയ്യുന്ന ചൈനീസ് ബാങ്കുകൾ കൂട്ടത്തോടെ തകർന്നാൽ, ശ്രീലങ്കയിൽ സംഭവിച്ചതിനേക്കാൾ കൊടിയ ദുരന്തമായിരിക്കും സംഭവിക്കാൻ പോകുന്നതെന്നും അന്താരാഷ്‌ട്ര സാമ്പത്തിക വിദഗ്‌ദ്ധർ മുന്നറിയിപ്പ് നൽകുന്നു.

Related Articles

Back to top button