Latest

ചൈനീസ് നിർമ്മിത ഓക്‌സിജൻ കോൺസെൻട്രേറ്റർ പൊട്ടിത്തെറിച്ചു

“Manju”

ജയ്പൂർ: വീട്ടിൽ ഉപയോഗിച്ചിരുന്ന ഓക്‌സിജൻ കോൺസെൻട്രേറ്റർ പൊട്ടിത്തെറിച്ച് അപകടം. രാജസ്ഥാൻ സ്വദേശിയായ സുൽത്താൻ സിംഗിന്റെ വീട്ടിലാണ് അപകടമുണ്ടായത്. ഇയാളുടെ ഭാര്യ സന്തോഷ് മീണ മരിച്ചു. ഗുരുതരമായി പരിക്കേറ്റ സുൽത്താൻ സിംഗിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഓക്‌സിജൻ കോൺസെൻട്രേറ്റർ ഉപകരണത്തിന് കേടുപാട് സംഭവിച്ചതാകാം അപകടകാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. രാജസ്ഥാനിൽ ഗംഗാപൂർ നഗരത്തിലാണ് സംഭവം.

ഹൈസ്‌കൂൾ അദ്ധ്യാപികയാണ് സന്തോഷ് മീണ. കൊറോണ സ്ഥിരീകരിച്ചതിനെ തുടർന്ന് രണ്ടുമാസമായി ശ്വാസമെടുക്കുന്നതിൽ സുൽത്താൻ സിംഗിന് ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നു. വീട്ടിൽ ചികിത്സയിൽ കഴിയുന്ന സുൽത്താൻ സിംഗിന് വേണ്ടിയാണ് ഓക്‌സിജൻ കോൺസെൻട്രേറ്റർ വാങ്ങിയത്. ഓക്‌സിജൻ കോൺസെൻട്രേറ്റർ ചൈനീസ് നിർമ്മിതമാണ്.

രാവിലെ സ്വിച്ച് ഇട്ടപ്പോൾ ഓക്‌സിജൻ കോൺസെൻട്രേറ്റർ പൊട്ടിത്തെറിക്കുകയായിരുന്നു. ചോർന്ന ഓക്‌സിജനിൽ നിന്ന് തീ ആളിപടരുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ഉടനെ തന്നെ ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും സന്തോഷ് മീണയുടെ ജീവൻ രക്ഷിക്കാനായില്ല.

വിദഗ്ധ ചികിത്സയ്ക്കായി ജയ്പൂരിലെ ആശുപത്രിയിലേക്ക് മാറ്റിയ സുൽത്താൻ സിംഗിന്റെ നില അതീവ ഗുരുതരമായി തുടരുകയാണെന്ന് ഡോക്ടർമാർ അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഓക്‌സിജൻ കോൺസെൻട്രേറ്റർ വിറ്റ കടയുടമയെ പോലീസ് ചോദ്യം ചെയ്തു. ഉപകരണത്തിലെ കംപ്രസറാണ് പൊട്ടിത്തെറിച്ചതെന്ന് പോലീസ് പറയുന്നു.

Related Articles

Back to top button