Latest

സിനിമാ പ്രവർത്തകരുടെ വീടുകളിലും ഓഫീസുകളിലും പരിശോധന;  200 കോടി രൂപയോളം കണ്ടെടുത്തു

“Manju”

മുംബൈ: സിനിമാ പ്രവർത്തകരുടെ വീടുകളിലും ഓഫീസുകളിലും നടത്തിയ വ്യാപക പരിശോധനയിൽ ആദായ നികുതി വകുപ്പ് 200 കോടി രൂപയുടെ കണക്കിൽ പെടാത്ത പണം കണ്ടെടുത്തു. ഓഗസ്റ്റ് 2നായിരുന്നു പരിശോധന. ചെന്നൈ. മധുര, കോയമ്പത്തൂർ, വെല്ലൂർ എന്നിവിടങ്ങളിൽ നടത്തിയ പരിശോധനകളിലാണ് ക്രമക്കേടുകൾ കണ്ടെത്തിയത്.

അനധികൃത സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട രേഖകളും ഡിജിറ്റൽ തെളിവുകളും ആദായ നികുതി വകുപ്പ് കണ്ടെടുത്തു. സാമ്പത്തിക ഇടപാടുകൾ നടത്താൻ ഉപയോഗിച്ചിരുന്ന രഹസ്യ കേന്ദ്രങ്ങളും ഒളിത്താവളങ്ങളും കണ്ടെത്തിയതായും ആദായ നികുതി വകുപ്പ് അറിയിച്ചു.

സിനിമാ നിർമ്മാതാക്കൾക്ക് പണം വായ്പയായി നൽകുന്ന പലിശ ഇടപാട് കേന്ദ്രങ്ങളിൽ നടന്ന പരിശോധനകളിൽ, ചട്ടവിരുദ്ധമായി ഒപ്പിട്ട് വാങ്ങി സൂക്ഷിച്ചിരുന്ന പ്രോമിസറി നോട്ടുകൾ ഉൾപ്പെടെ ഉള്ളവ പിടിച്ചെടുത്തു. സിനിമാ നിർമ്മാണ കമ്പനികളുടെ ഓഫീസുകളിൽ നടത്തിയ പരിശോധനകളിൽ, സിനിമകളുടെ യഥാർത്ഥ കളക്ഷൻ വിവരങ്ങളും വെളിപ്പെടുത്തിയ തുകകളും തമ്മിൽ പൊരുത്തക്കേടുകൾ കണ്ടെത്തി.

വിതരണക്കാരുടെ ഓഫീസുകളിൽ നടത്തിയ പരിശോധനകളിൽ, ചില തിയേറ്ററുകളിൽ നിന്നും ലഭിച്ച കളക്ഷന്റെ യഥാർത്ഥ കണക്കുകൾ ലഭ്യമായില്ല. പണത്തിന് പുറമെ, കണക്കിൽ പെടാത്ത സ്വർണവും പിടിച്ചെടുത്തിട്ടുണ്ട്. നിയമ നടപടികൾക്ക് വിധേയരായി പിഴ സഹിതം നികുതി ഒടുക്കാൻ തയ്യാറാകുന്നവർക്ക് നിയമം അനുവദിക്കുന്ന ഇളവ് നൽകി ആസ്തികൾ വീണ്ടെടുക്കാൻ അവസരം ഉണ്ടാകുമെന്നും, സഹകരിക്കാൻ തയ്യാറാകാത്തവർക്കെതിരെ കേസെടുത്ത് പേരു വിവരങ്ങൾ വെളിപ്പെടുത്തുമെന്നും ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞതായി ദേശീയ മാദ്ധ്യമം റിപ്പോർട്ട് ചെയ്തു.

Related Articles

Back to top button