Latest

ആദ്യകാല കമ്യൂണിസ്റ്റ് നേതാവ് ബർലിൻ കുഞ്ഞനന്തൻ നായർ അന്തരിച്ചു

“Manju”

കണ്ണൂർ: ആദ്യകാല കമ്യൂണിസ്റ്റ് നേതാവും പത്രപ്രവർത്തകനുമായ ബർലിൻ കുഞ്ഞനന്തൻ നായർ അന്തരിച്ചു. 96 വയസായിരുന്നു. ഇന്ന് ആറുമണിയോടെ നാറാണത്തെ വസതിയിൽ വെച്ചാണ് മരണം സംഭവിച്ചത്. ആഗോള നേതാക്കളുമായി അടുത്ത ബന്ധം സൂക്ഷിച്ചിരുന്ന ബെർലിൻ കുഞ്ഞനന്തൻ നായർ ദീർഘകാലം ജർമ്മനിയിൽ പത്രപ്രവർത്തകനായി പ്രവർത്തിച്ചു.

കോൺഗ്രസ്സിലൂടെ രാഷ്‌ട്രീയപ്രവേശനം നടത്തിയ കുഞ്ഞനന്തൻ പിന്നീട് കമ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമാവുകയായിരുന്നു.

1939ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമായി. 1943ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി സംസ്ഥാന സമ്മേളനത്തിലെ പ്രതിനിധിയായി. മുംബൈയില്‍ നടന്ന ഒന്നാം പാര്‍ട്ടി കോണ്‍ഗ്രസിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രതിനിധിയായി പങ്കെടുത്തു. കമ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നപ്പോള്‍ കുഞ്ഞനന്തന്‍ സിപിഐഎമ്മിനൊപ്പം നിന്നു. 1957ല്‍ ഇഎംഎസ് പാര്‍ട്ടി അഖിലേന്ത്യ സെക്രട്ടറിയായപ്പോള്‍ പ്രൈവറ്റ് സെക്രട്ടറി ആയി. ഇഎംഎസിന്റെ പൊളിറ്റിക്കല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിരുന്നു.

1959ല്‍ സോവിയറ്റ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കോണ്‍ഗ്രസില്‍ പങ്കെടുത്തു. 1965ല്‍ ബ്ലിറ്റ്‌സ് ലേഖകനായി. ന്യൂ ഏജ്, ദേശാഭിമാനി, നവയുഗം, നവജീവന്‍, ജനയുഗം പത്രങ്ങളില്‍ എഴുതി. ബര്‍ലിനില്‍ നിന്ന് കുഞ്ഞനന്തന്‍ എന്ന പേരില്‍ ലേഖനങ്ങള്‍ എഴുതാന്‍ തുടങ്ങിയതോടെയാണ് ബര്‍ലിന്‍ കുഞ്ഞനന്തനെന്ന് അറിയപ്പെട്ട് തുടങ്ങിയത്

അടുത്ത കുറെ വർഷങ്ങളായി സി.പി.എമ്മിലെ ചില നയങ്ങളെ എതിർത്തതിനാൽ പാർട്ടിയിലെ ഒരു വിഭാഗം നേതാക്കളുടെ എതിർപ്പിനു കാരണമായിരുന്നു. സി.പി.എമ്മിലെ മുതിർന്ന നേതാവ് വി.എസ്. അച്യുതാനന്ദൻ അദ്ദേഹത്തെ വീട്ടിലെത്തി സന്ദർശിച്ചത് പാർട്ടിക്കകത്ത് ഏറെ വിവാദങ്ങൾക്കു കാരണമായി.

എം എൻ വിജയനെപ്പോലെ ഇദ്ദേഹത്തെയും പാർട്ടിയുമായി യാതൊരു ബന്ധവുമില്ലാത്ത ആൾ എന്നാണ് മുതിർന്ന നേതാക്കൾ വിശേഷിപ്പിച്ചത്. 2005 ൽ അദ്ദേഹത്തെ പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽ നിന്ന് പുറത്താക്കിയിരുന്നു.2015 ൽ അദ്ദേഹത്തെ പാർട്ടിയിലേക്ക് തിരിച്ചെടുത്തിരുന്നു. അദ്ദേഹത്തിന്റെ പൊളിച്ചെഴുത്ത് എന്ന ആത്മകഥ ഏറെ ചർച്ചകൾക്ക് വഴയൊരുക്കിയിരുന്നു.

ഭാര്യ: സരസ്വതിയമ്മ. മകള്‍: ഉഷ (ബെര്‍ലിന്‍). മരുമകന്‍: ബര്‍ണര്‍ റിസ്റ്റര്‍. സഹോദരങ്ങള്‍: മീനാക്ഷി, ജാനകി, കാര്‍ത്യായനി

Related Articles

Back to top button