KeralaLatest

പുതിയ പരാദ കുടുംബത്തെ കണ്ടെത്തി

“Manju”

മാനന്തവാടി: കണ്ണൂര്‍ സര്‍വകലാശാലക്ക് അഭിമാന നേട്ടമായി പുതിയ പരാദ കുടുംബത്തെ കണ്ടെത്തി. കണ്ണൂര്‍ സര്‍വകലാശാല ജന്തുശാസ്ത്ര പഠനവിഭാഗത്തിലെ ഇക്കോളജിക്കല്‍ പാരസിറ്റോളജി ലബോറട്ടറി ഗവേഷകരും റഷ്യന്‍ അക്കാദമി ഓഫ് സയന്‍സിലെ ഗവേഷകരും ചേര്‍ന്ന് തന്മാത്ര ജീവശാസ്ത്ര സാങ്കേതികവിദ്യ ഉപയോഗിച്ച്‌ നടത്തിയ പഠനത്തിനൊടുവിലാണ് പുതിയ കണ്ടെത്തല്‍.

ലോകത്തിലെ തന്നെ അതിസമ്പന്ന ജൈവവൈവിധ്യ മേഖലയായ പശ്ചിമഘട്ട പ്രദേശത്തെ ശുദ്ധജല മത്സ്യങ്ങളെ ബാധിക്കുന്ന പരാദങ്ങളെ കുറിച്ച്‌ നടത്തിക്കൊണ്ടിരിക്കുന്ന ഗവേഷണത്തിനിടയിലാണ് ഈ കണ്ടെത്തല്‍. ദെവാരിയോ നീലഗിരെന്‍സിസ്, ലാബിയോ രോഹിത (രോഹു) എന്നീ ശാസ്ത്രീയ നാമങ്ങളില്‍ അറിയപ്പെടുന്ന ശുദ്ധജല മത്സ്യങ്ങളിലാണ് കീലാട്രിമാറ്റിഡേ എന്ന പുതിയ കുടുംബത്തില്‍പെട്ട പരാദങ്ങളെ കണ്ടെത്തിയത്. ആതിഥേയ ശരീരത്തില്‍നിന്നു പോഷകങ്ങള്‍ സ്വീകരിച്ചു ജീവിക്കുന്ന ജീവിയാണ് പാരസൈറ്റ് അഥവാ പരാദം (ഇത്തിള്‍കണ്ണി). പരാദങ്ങള്‍ മൂലം ആതിഥേയ ശരീരത്തിന് ഗുണമൊന്നുമുണ്ടാകുന്നില്ല, ദോഷങ്ങള്‍ ഏറെ ഉണ്ടാവുകയും ചെയ്യുന്നു. കീലാട്രിമ നീലഗിരെന്‍സിസ്, പാരാ ക്രിപ്ടാട്രിമ ലിമി എന്നീ ശാസ്ത്രീയ നാമങ്ങളുള്ള പരാദങ്ങളാണ് പുതിയ കുടുംബത്തിലെ അംഗങ്ങള്‍.

പരാദ ശാസ്ത്രഗവേഷണത്തില്‍ നാഴികക്കല്ലാണ് ഈ കണ്ടെത്തലെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ ജന്തുശാസ്ത്ര വിഭാഗം തലവന്‍ പ്രഫ. പി.കെ. പ്രസാദന്‍ ചൂണ്ടിക്കാട്ടി. ജന്തുശാസ്ത്ര ഗവേഷണ വിഭാഗത്തിലെ ഗവേഷക പി.കെ. ജിതിലയും പ്രഫ. പി.കെ. പ്രസാദനും റഷ്യന്‍ അക്കാദമി ഓഫ് സയന്‍സിലെ ശാസ്ത്രജ്ഞനായ ദിമിത്രി അറ്റോപ്കിനും ചേര്‍ന്ന് നടത്തിയ പഠനത്തിന്റെ കണ്ടെത്തല്‍ ലണ്ടനിലെ കേംബ്രിഡ്ജ് യൂനിവേഴ്‌സിറ്റി പ്രസ് പ്രസിദ്ധീകരിക്കുന്ന ജേണല്‍ ഓഫ് ഹെല്‍മിന്തോളജിയുടെ ഏറ്റവും പുതിയ ലക്കത്തില്‍ പ്രസിദ്ധീകരിച്ചു.

Related Articles

Back to top button