Latest

കുതിപ്പ് തുടരാന്‍ വിപണി

“Manju”

ചൈനയുടെ വളര്‍ച്ച സാരമായ തിരിച്ചടി നേരിടുന്നത് ആഗോള വളര്‍ച്ചയെ ബാധിക്കുമെന്ന ആശങ്ക മറികടന്നാണു തിങ്കളാഴ്ച വിപണികള്‍ പ്രവര്‍ത്തിച്ചത്. തുടക്കത്തില്‍ താഴോട്ടു പോയ യുഎസ് സൂചികകള്‍ തിരിച്ചു കയറി മിതമായ നേട്ടത്തില്‍ ക്ലോസ് ചെയ്തു. അതേ സമയം ഡിമാന്‍ഡ് കുറയുമെന്ന ഭീതിയില്‍ ക്രൂഡ് ഓയില്‍ വില അഞ്ചു ശതമാനത്തിലധികം ഇടിഞ്ഞു. വ്യാവസായിക ലോഹങ്ങള്‍ രണ്ടു മുതല്‍ അഞ്ചു വരെ ശതമാനം താഴാേട്ടു പോയി. ഇന്നു വ്യാപാരത്തിനു മേല്‍ നിഴല്‍ പരത്താന്‍ ഇവ കാരണമാകും. എങ്കിലും കഴിഞ്ഞ ആഴ്ചകളിലെ നേട്ടം തുടരാനാണ് ഇന്ത്യന്‍ വിപണി ശ്രമിക്കുന്നത്. പൊതു സാമ്പത്തിക സൂചകങ്ങള്‍ ആവേശകരമല്ലെങ്കിലും വിപണിയെ നിരാശപ്പെടുത്തുന്നവയല്ല.

ഇന്നലെ ഡൗ ജോണ്‍സ് 0.45 ശതമാനവും നാസ്ഡാക് 0.62 ശതമാനവും ഉയര്‍ന്നു. ഇന്നു രാവിലെ യുഎസ് ഫ്യൂച്ചേഴ്സ് നേരിയ താഴ്ചയിലാണെങ്കിലും നിക്ഷേപക മനോഭാവം പോസിറ്റീവാണ്. വോള്‍മാര്‍ട്ടിന്‍്റെയും മറ്റും റിസല്‍ട്ട് ഇന്നു വരുന്നതാകും പടിഞ്ഞാറന്‍ വിപണിഗതിയെ നിര്‍ണയിക്കുക. ഏഷ്യന്‍ വിപണികള്‍ ഇന്നു രാവിലെ സമ്മിശ്ര ചിത്രമാണു നല്‍കുന്നത്. ജാപ്പനീസ് സൂചിക നിക്കൈ ചെറിയ താഴ്ചയോടെയാണു വ്യാപാരം തുടങ്ങിയത്. പിന്നീടു നഷ്ടം കുറച്ചു. ദക്ഷിണ കൊറിയന്‍ വിപണി തുടക്കത്തിലേ നേട്ടം കാണിച്ചു. ചൈനയും നേട്ടത്തിലാണ്.

സിംഗപ്പുര്‍ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തില്‍ എസ്ജിഎക്സ് നിഫ്റ്റി തിങ്കളാഴ്ച 17,857 വരെ കയറി. ഇന്നു രാവിലെ അല്‍പം താണ് 17,835 ലാണു വ്യാപാരം. ഇന്ത്യന്‍ വിപണി ഇന്നു നേട്ടത്തോടെ വ്യാപാരം തുടങ്ങുമെന്നാണ് ഇതു നല്‍കുന്ന സൂചന. തുടര്‍ച്ചയായ നാലാമത്തെ ആഴ്ചയും മുഖ്യസൂചികകള്‍ ഉയര്‍ന്നതോടെ ഇന്ത്യന്‍ വിപണി ജൂണിലെ താഴ്ചയില്‍ നിന്നു പത്തു ശതമാനത്തിലേറെ നേട്ടത്തിലാകുകയായിരുന്നു. .

Related Articles

Back to top button