IndiaLatest

വാഷിംഗ്ടണ്‍ സുന്ദറിന് വീണ്ടും പരിക്ക്

“Manju”

തമിഴ്‌നാട് ഓള്‍റൗണ്ടര്‍ വാഷിംഗ്ടണ്‍ സുന്ദറിന് വീണ്ടും പരിക്ക്. റോയല്‍ ലണ്ടന്‍ വണ്‍ ഡേ കപ്പില്‍ ലങ്കാഷയറിനായി കളിക്കുന്നതിനിടെയാണ് വാഷിംഗ്ടണ്‍ സുന്ദറിനു പരുക്കേറ്റത്. ഇതോടെ താരം സിംബാബ്വെക്കെതിരായ ഏകദിന പരമ്പരയില്‍ കളിച്ചേക്കില്ലെന്ന് സൂചന.

പരുക്കേറ്റതിനെ തുടര്‍ന്ന് ഏറെക്കാലം പുറത്തിരുന്നതിനു ശേഷമാണ് താരം കൗണ്ടിയിലൂടെ തിരികെയെത്തിയത്. കൗണ്ടിയ്ക്ക് ശേഷം റോയല്‍ ലണ്ടന്‍ വണ്‍ ഡേ കപ്പിലും വാഷിംഗ്ടണ്‍ കളിച്ചു. താരം രണ്ട് ടൂര്‍ണമെന്റുകളിലും മികച്ച ഫോമിലായിരുന്നു.

കൊവിഡും പരിക്കും മൂലം 12 മാസത്തോളമായി ഇന്ത്യന്‍ ടീമില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ് വാഷിംഗ്ടണ്‍ സുന്ദര്‍. 2021 ജൂലൈയില്‍ കൈവിരലിന് പരിക്കേറ്റ ശേഷം സുന്ദറിനെ പരിക്ക് വിടാതെ പിന്തുടരുകയാണ്. ഇതിന് പിന്നാലെ ആഭ്യന്തര സീസണ്‍ നഷ്ടമായ താരത്തെ വൈകാതെ കൊവിഡും പിടികൂടി. ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇന്‍ഡീസ്, ശ്രീലങ്ക തുടങ്ങി നിരവധി ടീമുകള്‍ക്കെതിരായ പരമ്പരകളില്‍ കളിക്കാനാവാതെ വന്ന താരത്തിന് ഐപിഎല്‍ മത്സരങ്ങളും നഷ്ടമായിരുന്നു. 22കാരനായ വാഷിംഗ്ടണ്‍ സുന്ദര്‍ ഇന്ത്യക്കായി നാല് ടെസ്റ്റും നാല് ഏകദിനങ്ങളും 31 ടി20കളും കളിച്ചിട്ടുണ്ട്.

അതേസമയം സിംബാബ്‌വെ പര്യടനത്തിനെത്തിയ ഇന്ത്യന്‍ ടീം ഹരാരെയില്‍ പരിശീലനം തുടങ്ങി. കെ എല്‍ രാഹുല്‍ നയിക്കുന്ന സംഘത്തില്‍ മലയാളിതാരം സഞ്ജു സാംസണും ഉണ്ട്. മൂന്ന് ഏകദിനങ്ങളാണ് ഇന്ത്യ സിംബാബ്‌വെയില്‍ കളിക്കുക. മറ്റന്നാളാണ് ഒന്നാം ഏകദിനം. 20, 22 തീയതികളില്‍ രണ്ടും മൂന്നും മത്സരങ്ങളും നടക്കും. രാഹുല്‍ ദ്രാവിഡിന് വിശ്രമം നല്‍കിയതിനാല്‍ സിംബാബ്വെയില്‍ ഇന്ത്യന്‍ ടീമിനെ പരിശീലിപ്പിക്കുക ദേശീയ ക്രിക്കറ്റ് അക്കാഡമി തലവനും ബാറ്റിംഗ് ഇതിഹാസവുമായ വിവിഎസ് ലക്ഷ്മണാണ്.

മൂന്ന് ഏകദിനങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീം: കെ.എല്‍ രാഹുല്‍ (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍ (വൈസ് ക്യാപ്റ്റന്‍), റുതുരാജ് ഗെയ്ക്വാദ്, ശുഭ്മാന്‍ ഗില്‍, ദീപക് ഹൂഡ, രാഹുല്‍ ത്രിപാഠി, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), വാഷിംഗ്ടണ്‍ സുന്ദര്‍, ഷാര്‍ദുല്‍ താക്കൂര്‍, കുല്‍ദീപ് യാദവ്, അവേശ് ഖാന്‍, പ്രസിദ് കൃഷ്ണ, മുഹമ്മദ് സിറാജ്, ദീപക് ചഹര്‍.

Related Articles

Back to top button