LatestThiruvananthapuram

വിവാഹമോചനം: കുട്ടിടെ പേരുള്‍പ്പെടുത്തി ഒരാഴ്ചക്കുള്ളില്‍ റേഷന്‍ കാര്‍ഡ്

“Manju”

തിരുവനന്തപുരം: മാതാപിതാക്കള്‍ വേര്‍പിരിയുകയോ വിവാഹമോചന കേസുകള്‍ നടക്കുകയോ ചെയ്യുന്നവരുടെ കുട്ടികളെ സംരക്ഷിക്കുന്നവര്‍ക്ക് കുട്ടിയുടെ പേരുള്‍പ്പെടുത്തിയ റേഷന്‍ കാര്‍ഡ് അപേക്ഷ സ്വീകരിച്ച്‌ ഒരാഴ്ചക്കുള്ളില്‍ നല്‍കാന്‍ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ ഉത്തരവായി. കുട്ടികളുടെ സംരക്ഷണ ചുമതല ഏറ്റെടുത്തവര്‍ക്ക് റേഷന്‍ കാര്‍ഡില്ലെങ്കില്‍, കുട്ടികള്‍ക്കും റേഷന്‍ നിഷേധിക്കപ്പെടും.
ഇത് ബാലാവകാശ നിയമങ്ങളുടെ ലംഘനമാണ്. സാങ്കേതിക കാരണങ്ങളാല്‍ കുട്ടികളുടെ പേര് റേഷന്‍ കാര്‍ഡില്‍ ഉള്‍പ്പെടുത്താന്‍ കഴിയാതെ റേഷന്‍ ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെടുന്ന സാഹചര്യം ഉണ്ടാകാന്‍ പാടില്ല. പരവൂരിലെ വിനയ.വി.എസ് ഭര്‍ത്താവ് സുജിത്കുമാറില്‍ നിന്നും വേര്‍പിരിഞ്ഞു താമസിക്കുകയും കോടതിയില്‍ കേസ് നടക്കുകയുമാണ്.

പത്താംക്ലാസില്‍ പഠിക്കുന്ന മകന്റെ പഠനാവശ്യത്തിനായി ഭര്‍ത്താവിന്റെ റേഷന്‍ കാര്‍ഡില്‍ നിന്ന് തന്റെയും മകന്റെയും പേരുകള്‍ നീക്കം ചെയ്ത് പുതിയ റേഷന്‍ കാര്‍ഡ് ലഭിക്കുന്നതിന് നടപടി ആവശ്യപ്പെട്ട് കമ്മീഷന് നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് റേഷന്‍ കാര്‍ഡ് നല്‍കാന്‍ ഭക്ഷ്യ- പൊതുവിതരണ സെക്രട്ടറിക്കും സിവില്‍ സപ്ലൈസ് ഡയറക്ടര്‍ക്കും നിര്‍ദ്ദേശം നല്‍കി കമ്മീഷന്‍ അംഗം റെനി ആന്റണി ഉത്തരവായത്. ഇതില്‍ സ്വീകരിച്ച നടപടി 30 ദിവസത്തിനകം റിപ്പോര്‍ട്ട് ചെയ്യാനും കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി.

കമ്മീഷന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് രേഖകള്‍ പരിശോധിച്ച്‌ കൂട്ടിയുടെ സംരക്ഷണ ചുമതലയുള്ളവരുടെ റേഷന്‍ കാര്‍ഡില്‍ കുട്ടിയുടെ പേര് കൂടി ഉള്‍പ്പെടുത്തി നല്‍കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ഭക്ഷ്യ-പൊതുവിതരണ സെക്രട്ടറി ഉത്തരവായിട്ടുണ്ട്. ഇത് കുട്ടിയുടെ രക്ഷാകര്‍ത്തത്വം സംബന്ധിച്ചോ വരുമാനം സംബന്ധിച്ചോ ഉള്ള ആധികാരിക രേഖയായി പരിഗണിക്കില്ല എന്നും ഉത്തരവില്‍ പറയുന്നു.

Related Articles

Back to top button