InternationalLatest

ഉന്നതപദവികളില്‍ 130 ലേറെ ഇന്ത്യന്‍ വംശജര്‍

“Manju”

വാഷിംഗ്ടണ്‍: യു.എസില്‍ ജോ ബൈഡന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ഭരണകൂടത്തിലെ സുപ്രധാന പദവികളില്‍ നിയമിക്കപ്പെട്ടത് 130ലേറെ ഇന്ത്യന്‍ വംശജര്‍. മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കാലത്ത് 80ലേറെ ഇന്ത്യന്‍ അമേരിക്കന്‍ വംശജരെയാണ് സുപ്രധാന പദവികളില്‍ നിയമിച്ചിരുന്നത്. ബറാക് ഒബാമ ഭരണകൂടത്തില്‍ ഇത് 60 ആയിരുന്നു.

ഇപ്പോള്‍ യു.എസ് ജനപ്രതിനിധി സഭയിലെ നാല് അംഗങ്ങള്‍ ഉള്‍പ്പെടെ 40ലേറെ ഇന്ത്യന്‍ വംശജര്‍ വിവിധ സംസ്ഥാന, ഫെഡറല്‍ തലങ്ങളില്‍ ഉന്നത പദവി വഹിക്കുന്നു. യു.എസിലെ വന്‍കിട കമ്പനികളുടെ തലപ്പത്താകട്ടെ 20ലേറെ ഇന്ത്യന്‍ വംശജരാണുള്ളത്. റൊണാള്‍ഡ് റീഗന്റെ കാലത്താണ് ഭരണകൂടത്തിലേക്ക് ആദ്യമായി ഇന്ത്യന്‍ വംശജരെ നിയമിച്ചത്. ബൈഡന്‍ പ്രസിഡന്റായതോടെ ഭരണത്തിന്റെ ഒട്ടുമിക്ക ഏജന്‍സികളിലും ഡിപ്പാര്‍ട്ട്മെന്റുകളിലും ഇന്ത്യന്‍ സാന്നിദ്ധ്യമുണ്ട്.

ഡെലവെയറില്‍ നിന്ന് സെനറ്റര്‍ ആയി തിരഞ്ഞെടുക്കപ്പെട്ട കാലം മുതല്‍ തന്നെ യു.എസിലെ ഇന്ത്യന്‍ വംശജരുമായി അടുത്ത ബന്ധം പുലര്‍ത്തുന്നയാളാണ് ബൈഡന്‍. പ്രസിഡന്റായപ്പോള്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ബൈഡന്‍ തിരഞ്ഞെടുത്തത് ഇന്ത്യന്‍ വംശജയായ കമലാ ഹാരിസിനെയാണ്.

വിനയ് റെഡ്ഡി, ഡോ. ആഷിഷ് ഝാ, സോണിയ അഗര്‍വാള്‍, ചിരാഗ് ബെയ്‌ന്‍സ്, കിരണ്‍ അഹൂജ, നീര ടണ്ടന്‍, രാഹുല്‍ ഗുപ്ത, വേദാന്ത് പട്ടേല്‍, ഗരിമ വര്‍മ്മ തുടങ്ങിയവര്‍ ബൈഡന്‍ ഭരണകൂടത്തിലെ വിവിധ സ്ഥാനങ്ങള്‍ വഹിക്കുന്നു. വിവിധ രാജ്യങ്ങളിലെ യു.എസ് അംബാസഡര്‍മാര്‍ക്കിടയിലും ഇന്ത്യന്‍ വംശജരുണ്ട്. ഡോ. ആമി ബേറ, റോ ഖന്ന, രാജാ കൃഷ്ണമൂര്‍ത്തി, പ്രമീള ജയപാല്‍ എന്നിവരാണ് ജനപ്രതിനിധി സഭാ അംഗങ്ങള്‍.

സുന്ദര്‍ പിച്ചെയ് (ഗൂഗിള്‍), സത്യ നാദെല്ല (മൈക്രോസോഫ്റ്റ് ), ശന്തനു നാരായണ്‍ (അഡോബി ), വിവേക് ലാല്‍ ( ജനറല്‍ അറ്റോമിക്സ് ), പുനിത് രഞ്ജന്‍ (ഡലോയ്‌റ്റ് ), രാജ് സുബ്രഹ്മണ്യം (ഫെഡ്‌എക്‌സ് ) തുടങ്ങിയവര്‍ മുന്‍നിര യു.എസ് കമ്പനികളെ നയിക്കുന്നു.

 

 

Related Articles

Back to top button