KeralaLatestMalappuram

കൈക്കൂലിക്കേസില്‍ വില്ലേജ് ഓഫീസ് ജീവനക്കാരന്‍ അറസ്റ്റില്‍

“Manju”

സിന്ധുമോള്‍ ആര്‍

അടിമാലി: വീട്ടമ്മയില്‍ നിന്ന് കൈക്കൂലി വാങ്ങാന്‍ ശ്രമിക്കുന്നതിനിടെ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് വിജിലന്‍സിന്റെ പിടിയിലായി. മൂന്നിലവ് വില്ലേജ് ഓഫീസിലെ ജീവനക്കാരന്‍ മേലുകാവ് സ്വദേശി ടി റെജി (52)യാണു അറസ്റ്റിലായത്. അടിമാലിയില്‍ താമസിക്കുന്ന ഈരാറ്റുപേട്ട മേച്ചാല്‍ സ്വദേശിനിയുടെ ഇല്ലിക്കല്‍ കല്ലിലെ 1.40 ഏക്കര്‍ വസ്തു പോക്കുവരവ് ചെയ്തു കൊടുക്കുന്നതിനാണ് ഇടനിലക്കാരന്‍ വഴി തുക ആവശ്യപ്പെട്ടത്. ഒന്നര ലക്ഷം രൂപയാണ് ഇയാള്‍ ആവശ്യപ്പെട്ടത്.

പരാതിക്കാരിയുടെ മാതാവിന്റെ പേരിലുള്ള സ്ഥലമാണ് മാതാവിന്റെ മരണത്തെ തുടര്‍ന്ന് പരാതിക്കാരിക്കു ലഭിച്ചത്. മാതാവിനെ കൊലപ്പെടുത്തിയ സഹോദരനു സ്വത്തില്‍ അവകാശമില്ലെന്നുള്ള ഹൈക്കോടതി ഉത്തരവുമായാണ് പരാതിക്കാരി വില്ലേജ് ഓഫീസില്‍ എത്തിയത്. സ്ഥലം പോക്കുവരവു ചെയ്യാന്‍ 4 വര്‍ഷത്തിനിടെ പരാതിക്കാരി പല തവണ എത്തിയെങ്കിലും നടന്നില്ല. തുടര്‍ന്നാണു ജോസ് എന്നയാള്‍ വഴി വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റിനെ സമീപിച്ചത്. ഒന്നര ലക്ഷം രൂപയാണു കൈക്കൂലി ആവശ്യപ്പെട്ടത്. ആദ്യ ഗഡുവായി 40,000 രൂപ ജോസ് മുഖേന നല്‍കി. എന്നാല്‍ 10,000 രൂപ റെജിക്കു നല്‍കി ബാക്കി 30,000 രൂപ ജോസ് തട്ടിയെന്നു വിജിലന്‍സ് പറയുന്നു. 50,000 രൂപ കൂടി നല്‍കിയാലേ സര്‍ട്ടിഫിക്കറ്റ് നല്‍കൂവെന്നും അറിയിച്ചു.

പല തവണ ഫോണില്‍ ആവശ്യം അറിയിച്ചതോടെ പരാതിക്കാരി വിജിലന്‍സ് എസ്പി വിജി വിനോദ് കുമാറിനെ സമീപിച്ചു. വിജിലന്‍സ് നല്‍കിയ ഫിനോഫ്തലിന്‍ പുരട്ടിയ 50,000 രൂപ പ്രതിയുടെ മേലുകാവുമറ്റം ഭാഗത്തുള്ള വീടിനു സമീപം വച്ച്‌ പരാതിക്കാരിയില്‍ നിന്നു വാങ്ങി കാറില്‍ വയ്ക്കുന്നതിനിടെയാണു വിജിലന്‍സ് അറസ്റ്റ് ചെയ്തത്. ഇയാളെ കോട്ടയം വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും. ഡിവൈഎസ്പിമാരായ വിജി രവീന്ദ്രനാഥ്, കെകെ വിശ്വനാഥന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

Related Articles

Back to top button