InternationalLatest

ശക്തമായി തിരിച്ചടിച്ച്‌ യുക്രെയ്ന്‍; കുപ്യാന്‍സ്‌ക് നഗരം തിരികെ പിടിച്ചു

“Manju”

 

കീവ്: ആറ് മാസത്തിലേറെയായി തുടരുന്ന യുദ്ധത്തില്‍ റഷ്യയ്‌ക്കെതിരെ ശക്തമായ മുന്നേറ്റം നടത്തി യുക്രെയ്ന്‍. കിഴക്കന്‍ യുക്രെയ്‌നിലെ കുപ്യാന്‍സ്‌ക് നഗരം യുക്രെയ്ന്‍ സേന പിടിച്ചെടുത്തതോടെ റഷ്യന്‍ സൈന്യം ആയുധങ്ങള്‍ ഉപേക്ഷിച്ച്‌ പിന്‍വാങ്ങി തുടങ്ങിയെന്നാണ് റിപ്പോര്‍ട്ട്.

റഷ്യയില്‍ നിന്ന് സേനയ്‌ക്ക് ആവശ്യമായ സാധനങ്ങളെല്ലാം റെയില്‍ മാര്‍ഗം എത്തിച്ച്‌ വിതരണം ചെയ്തിരുന്ന പ്രധാന കേന്ദ്രമാണ് കുപ്യാന്‍സ്‌ക്. നഗരത്തില്‍ നിന്ന് റഷ്യയുടെ പതാക നീക്കി യുക്രെയ്‌ന്റെ പതാക പുന:സ്ഥാപിച്ചു.

നഗരത്തില്‍ യുക്രെയ്ന്‍ സൈനികര്‍ നില്‍ക്കുന്നതിന്റെ ചിത്രങ്ങള്‍ യുക്രെയ്ന്‍ സ്‌പെഷ്യല്‍ ഫോഴ്‌സ് സമൂഹമാദ്ധ്യമങ്ങളിലൂടെ പുറത്ത് വിട്ടിട്ടുണ്ട്. റഷ്യന്‍ സൈന്യത്തിന് അവശ്യസാധനങ്ങളും ആയുധങ്ങളും എത്തിച്ചിരുന്ന പ്രധാന താവളം പിടിക്കാനായത് യുക്രെയ്ന്‍ സൈന്യത്തിന്റെ ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഏപ്രില്‍ കീവില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കാന്‍ നിര്‍ബന്ധിതരാക്കപ്പെട്ടതിന് ശേഷം റഷ്യ നേരിടുന്ന ഏറ്റവും വലിയ തിരിച്ചടിയാണിത്.

ഇസിയം നഗരത്തിലും സമാനമായ സ്ഥിതി ആണെന്നാണ് റിപ്പോര്‍ട്ട്. ടാങ്കുകളും മറ്റ് ആയുധങ്ങളും ഉപേക്ഷിച്ച്‌ റഷ്യന്‍ സൈനികര്‍ രക്ഷപെടാന്‍ ശ്രമിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. യുക്രെയ്ന്‍ സൈന്യം തിരിച്ചു പിടിച്ച ഗ്രാമങ്ങളില്‍ പലതിലും റഷ്യന്‍ ടാങ്കുകളും മറ്റും കത്തിയെരിയുന്നതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. ഹര്‍കീവില്‍ തങ്ങളുടെ സേനയ്‌ക്ക് തിരിച്ചടി നേരിടേണ്ടി വന്നുവെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രാലയം സമ്മതിച്ചു. ഇവിടേക്ക് കൂടുതല്‍ സൈനികരെ അയക്കുമെന്നും റഷ്യ പറയുന്നു.

 

Related Articles

Back to top button