IndiaLatest

സ്കൂട്ടറുകളിൽ എയർബാഗ് സംവിധാനവുമായി ഹോണ്ട

“Manju”

ഇരുചക്ര വാഹനാപകടങ്ങളിൽ കൂടുതൽ സുരക്ഷ ലഭിക്കുന്നതിന് എയർബാഗ് സംവിധാനം ഒരുക്കാൻ ഹോണ്ട. ഇതിനായി ഇന്ത്യയിൽ പേറ്റന്റ് അവകാശത്തിനാണ് ഹോണ്ട തയാറെടുക്കുന്നത്. ആക്സിലറോമീറ്റർ സന്നാഹം ഉപയോഗിച്ച് ആഘാതം മനസിലാക്കി ഹാൻഡ്ൽ ബാറിൽ നിന്ന് എയർബാഗ് തുറക്കുന്ന വിധത്തിലാണ് ഹോണ്ട സംവിധാനം ഡിസൈൻ ചെയ്തിട്ടുള്ളത്. നിലവിൽ കമ്പനിയുടെ പിസിഎക്സ് ലൈനപ്പിലുള്ള പെട്രോൾ സ്കൂട്ടറാണ് ഈ സംവിധാനം പരീക്ഷിക്കാൻ കമ്പനി ഉപയോഗിച്ചിട്ടുള്ളത്.

ഹാൻ‍ഡ്‌ലിൽ നിന്ന് പുറത്തുവരുന്ന സിംഗിൾ എയർബാഗ് സംവിധാനത്തിന് മുന്നിൽ തന്നെ ഇൻഫ്ലേറ്ററും ‍ഡിസൈനിൽ കാണാം. ഇരുചക്രവാഹനങ്ങളിലെ എയർബാഗ് സന്നാഹങ്ങളിൽ പ്രശസ്തരാണ് ഹോണ്ട മാത്രമല്ല, അവരുടെ ഫ്ലാഗ്ഷിപ് ടൂറർ മോഡലായ ഗോൾഡ് വിങ് ബൈക്കിലെ എയർബാഗ് സംവിധാനം ഏറെ പ്രശസ്തമാണ്. ലക്ഷ്വറി ഇരുചക്ര വാഹനങ്ങളിൽ നിന്ന് സാധാരണക്കാരുടെ വാഹനങ്ങളിലേക്ക് എയർബാഗ് പദ്ധതിയിലാണ് കമ്പനിയെന്ന് ഇതിൽ നിന്നു വ്യക്തമാണ്. ഹാൻഡ്ൽ ഹെഡിനു നടുവിലായി സിലിണ്ടർ രൂപത്തിലുള്ള ഹൗസിങ്ങിനുള്ളിലാണ് എയർബാഗും അതിന്റെ ഇൻഫ്ലേറ്ററും ഘടിപ്പിച്ചിട്ടുള്ളത്.

പദ്ധതിയുടെ രൂപരേഖ പൂർണമല്ലെന്നു വേണം കരുതാൻ. ആദ്യ ഡിസൈനിൽ ഹാൻഡ്ൽ ബാറിൽ നിന്ന് അകലെയായി ക്രമീകരിച്ച എയർബാഗ് ഏറ്റവും പുതിയ ഡിസൈനിൽ എത്തിയപ്പോൾ റൈഡറിനെ അഭിമുഖീകരിക്കുന്ന വിധത്തിലായിട്ടുണ്ട്. ആക്സിലറോമീറ്ററിൽ നിന്ന് വാഹനത്തിന്റെ ചലനങ്ങളും ആഘാതങ്ങളും കൺട്രോൾ യൂണിറ്റുവഴി മനസ്സിലാക്കി എയർബാഗ് ഇൻഫ്ലേറ്റർ വഴി പ്രവർത്തിപ്പിക്കുകയാണ് ചെയ്യുന്നത്. ഇതോടൊപ്പം ഇലക്ട്രിക് സ്കൂട്ടറുകൾക്കുള്ള ഹബ് മോട്ടർ നിർമാണത്തിനും ഹോണ്ട പേറ്റന്റിന് അപേക്ഷിച്ചിട്ടുണ്ട്.

 

Related Articles

Back to top button