KeralaLatest

ദൈവത്തിന്റെ വിദ്യാഭ്യാസമാണ് സന്ന്യാസം – സ്വാമി ചൈതന്യ ജ്ഞാന തപസ്വി

“Manju”

ശാന്തിഗിരി: നമ്മളിതുവരെ പഠിച്ചതോ നേടിയതോ ആയ അറിവല്ല, ദൈവം നൽകുന്ന അറിവും ദൈവത്തെ അറിയുന്ന വിദ്യാഭ്യാസവുമാണ് സന്ന്യാസത്തിലൂടെയും ബ്രഹ്മചര്യത്തിലുടെയും ലഭിക്കുന്നതെന്ന് ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാന തപസ്വി. സന്ന്യാസദീക്ഷാ വാർഷികത്തോടനുബന്ധിച്ച് ബ്രഹ്ചാരി സ്വഭാവത്തിൽ കർമ്മരംഗത്തേക്ക് പ്രവേശിക്കാൻ നിയുക്തരായവരോട് സംസാരിക്കുകയായിരുന്നു സ്വാമി. സന്ന്യാസത്തെക്കുറിച്ച് പഠിച്ച് മനസിലാക്കിവന്നവരല്ല ശാന്തിഗിരിയിലെ സന്ന്യാസിമാർ. അതൊരു നിയോഗമായി ലഭിച്ചതാണ്. എനിക്ക് പറ്റിയത് നിങ്ങൾക്ക് പറ്റരുത് എന്ന ആമുഖത്തോടെയായിരുന്നു സ്വാമിയുടെ പ്രഭാഷണം. ആശ്രമത്തിൽ വന്നു നിൽക്കാൻ അവസരം ലഭിച്ച സമയത്ത് കുടുംബ പ്രാരാബ്ദങ്ങളുടെ ചിന്തയിൽ മുഴുകി ആശ്രമത്തിലേക്ക് വരാൻ മടിച്ചു. എന്നാൽ 1995ൽ ആശ്രമത്തിൽ നിൽക്കാൻ അനുവാദം തേടി ഗുരുവിന്റെ അടുത്തെത്തി. പിന്നീട് ഒരു തിരിച്ചുപോക്കുണ്ടായില്ല. ജീവിതയാത്രയിൽ ഗുരു കൈപിടിച്ച് പരിവർത്തനപ്പെടുത്തി. ജീവിതത്തിൽ ഓരോ നിമിത്തങ്ങളുണ്ട്. നമ്മുടെ യോഗ്യതയ്ക്കനുസരിച്ചല്ല ഗുരു നമ്മുടെ മേൽ കാരുണ്യം ചൊരിയുന്നതെന്നും ഗുരുവാക്കിനെ അനുസരിച്ച് പ്രവർത്തിക്കുമ്പോഴാണ് ഗുരു നമ്മെ യോഗ്യതപ്പെടുത്തിയെടുക്കുന്നതെന്നും സ്വാമി പറഞ്ഞു.

ദൈവത്തോട് ചേർന്നു നിൽക്കാനുള്ള മനസ് മക്കൾക്കും ദൈവത്തോട് ചേർത്തുവയ്ക്കാനുള്ള മനസ് രക്ഷിതാക്കൾക്കും ഉണ്ടാകണം. ഗുരു ആരെയും ഉപേക്ഷിക്കില്ല എന്ന ഉറപ്പുണ്ടാകണം. ബ്രഹ്മചര്യത്തിന്റെയും സന്ന്യാസത്തിന്റെയും വഴിയിൽ ദൈവനിശ്ചയത്തോട് ചേർന്ന് പ്രവർത്തിക്കാനുള്ള തീർപ്പ് എടുക്കേണ്ടത് നമ്മൾ ഓരോരുത്തരുമാണ്. ഗുരുവിന് ഒരു വാക്ക് കൊടുത്താൽ ജീവിതാന്ത്യം വരെ അതു പാലിക്കണം. അതു തെറ്റിക്കാതെ കൊണ്ടുപോകാൻ കഴിയണം. ചെയ്യുന്ന കാര്യങ്ങളോട് നീതിയും മനസിൽ സത്യസന്ധതയും പുലർത്തണം. മനസിൽ മാലിന്യമുണ്ടാകരുത്. ഏതു അന്തരീക്ഷത്തിലായാലും ചിന്തിച്ച് മനസിനെ ചീത്തയാക്കരുതെന്നും ചിട്ടയായ ജീവിതം നയിക്കണമെന്നും അങ്ങനെ വരുമ്പോഴാണ് ആത്മീയ അനുഭവങ്ങൾ ഉണ്ടാകുന്നതെന്നും സ്വാമി വിവരിച്ചു.

1973 ന് ശേഷം ജനിച്ചവരെല്ലാം ഭാഗ്യമുള്ളവരാണെന്ന് ഗുരു പറഞ്ഞിട്ടുണ്ട്. അച്ഛൻ, അമ്മ, കുടുംബം എന്നീ ബന്ധങ്ങളിൽ മാത്രം ജീവിതം ഒതുക്കാതെ സ്വയം പുറത്തുവന്ന് ലോകത്തിന്റെ ചലനമാകുന്ന ഗുരുവിന്റെ ചക്രത്തിൽ മണൽത്തരിയായെങ്കിലും പ്രവർത്തിക്കാൻ ലഭിച്ച അവസരമാണിത്. നിയുക്തരായ എല്ലാവർക്കും പുതുജീവൻ പകർന്നു കിട്ടുന്ന അസുലഭ നിമിഷമാണിത്. അച്ഛനമ്മമാർ നൽകുന്ന ലാളനയെക്കാൾ വലുതാണ് ഗുരുവിന്റെ സ്നേഹം. തങ്ങളുടെ മക്കൾക്ക് ലഭിച്ച അവസരത്തിന് രക്ഷിതാക്കൾ ദൈവത്തിന് നന്ദി പറയണമെന്നും ഗുരുവിന്റെ ത്യാഗത്തിന്റെ അപ്പക്കഷണങ്ങളാണ് ഇവിടെ നിന്നും ഓരോരുത്തർക്കും ലഭിക്കുന്നതെന്നും സന്ന്യാസത്തിന്റെ വഴിയിലേക്ക് കടന്നുവരുന്ന എല്ലാവർക്കും ഗുരുകാരുണ്യമുണ്ടാകട്ടെയെന്നും സ്വാമി ആശംസിച്ചു.സ്പിരിച്വൽ കോൺഫറൻസ് ഹാള്‍ അനക്സില്‍ നടന്ന മീറ്റിംഗിൽ സ്വാമി ജനനന്മ ജ്ഞാന തപസ്വി, സ്വാമി സായൂജ്യനാഥ് ജ്ഞാന തപസ്വി എന്നിവർ പങ്കെടുത്തു.

Related Articles

Back to top button