IndiaKeralaLatestThrissur

ടിപ്പു എക്സ്പ്രസ് ഇനി വോഡയാര്‍ എക്‌സ്പ്രസ്

“Manju”

മൈസൂരു: ബെംഗളൂരുമൈസൂരു പാതയില്‍ ഓടുന്ന ടിപ്പു എക്‌സ്പ്രസിന്റെ പേര് വോഡയാര്‍ എക്‌സ്പ്രസ് എന്നാക്കി മാറ്റി. ഇതുസംബന്ധിച്ച് റെയില്‍വേ ബോര്‍ഡ് വെള്ളിയാഴ്ച ഉത്തരവിറക്കി. തീവണ്ടിയുടെ പേര് മാറ്റണമെന്നഭ്യര്‍ഥിച്ച് മൈസൂരുവിലെ ബി.ജെ.പി. എം.പി. പ്രതാപസിംഹ റെയില്‍വേമന്ത്രി അശ്വിനി വൈഷ്ണവിന് ഈവര്‍ഷം ജൂലായില്‍ നിവേദനം നല്‍കിയിരുന്നു. ഇതോടെയാണ് മന്ത്രിയുടെ നിര്‍ദേശപ്രകാരം റെയില്‍വേ ബോര്‍ഡ് പേരു മാറ്റി സര്‍ക്കുലര്‍ ഇറക്കിയത്. വോഡയാര്‍ രാജവംശം റെയില്‍വേയ്ക്കും മൈസൂരുവിനും നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് പേര് മാറ്റണമെന്നായിരുന്നു നിവേദനത്തില്‍ ആവശ്യപ്പെട്ടത്. പേര് മാറ്റിയതില്‍ നന്ദി അറിയിക്കുന്നതായി പ്രതാപസിംഹ ഫെയ്സ്ബുക്കില്‍ കുറിച്ചു.

മൈസൂരുബെംഗളൂരു പാതയില്‍ സര്‍വീസ് നടത്തുന്ന സൂപ്പര്‍ഫാസ്റ്റ് വണ്ടിയാണ് ടിപ്പു എക്‌സ്പ്രസ്. മൈസൂര്‍ കടുവയെന്ന് അറിയപ്പെടുന്ന ടിപ്പു സുല്‍ത്താനോടുള്ള ആദരസൂചകമായാണ് വണ്ടിക്ക് ടിപ്പുവിന്റെ പേര് നല്‍കിയിരുന്നത്. രാവിലെ 11.30-ന് മൈസൂരുവില്‍നിന്ന് പുറപ്പെടുന്ന വണ്ടി ഉച്ചയ്ക്ക് രണ്ടിന് ബെംഗളൂരുവിലെത്തും. തുടര്‍ന്ന് ബെംഗളൂരുവില്‍നിന്ന് ഉച്ചയ്ക്ക് 3.15-ന് പുറപ്പെട്ട് വൈകീട്ട് 5.45-ന് മൈസൂരുവില്‍ എത്തും. മാണ്ഡ്യ, കെങ്കേരി എന്നിവിടങ്ങളിലാണ് സ്റ്റോപ്പുകള്‍.

Related Articles

Back to top button