IndiaLatest

സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ കേരളത്തിന് തകര്‍പ്പന്‍ ജയം

“Manju”
സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ കേരളത്തിന് തകര്‍പ്പന്‍ ജയത്തോടെ തുടക്കം. മഴ കാരണം 11 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ അരുണാചല്‍ പ്രദേശിനെ പത്ത് വിക്കറ്റിനാണ് കേരളം പരാജയപ്പെടുത്തിയത്. അരുണാചല്‍ പ്രദേശ് ഉയര്‍ത്തിയ 54 റണ്‍സ്‌ വിജയലക്ഷ്യം 37 പന്ത് ബാക്കി നില്‍ക്കേ കേരളം മറികടന്നു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ അരുണാചല്‍ പ്രദേശിന് ഭേദപ്പെട്ട തുടക്കമാണ് ഓപ്പണര്‍മാരായ തെച്ചി ദോറിയയും തെച്ചി നെറിയും നല്‍കിയത്. എന്നാല്‍ ആറാം ഓവറിലെ അഞ്ചാം പന്തില്‍ 18 റണ്‍സെടുത്ത ദോറിയയെ മിഥുന്‍ പുറത്താക്കി. പിന്നാലെ ഇറങ്ങിയ മീറ്റ് ദേശായി അടുത്ത ഓവറില്‍ വെറും ഒരു റണ്ണെടുത്ത് പുറത്തായി. തെച്ചി നെറിയേയും പുറത്താക്കി ജോസഫ് അരുണാചല്‍ പ്രദേശിനെ പ്രതിരോധത്തിലാക്കി.
പിന്നീട് ക്രീസിലിറങ്ങിയ ബാറ്റര്‍മാര്‍ക്കാര്‍ക്കും ടീമിനെ കരകയറ്റാനായില്ല. തെച്ചി ദോറിയ, തെച്ചി നെറി എന്നിവരൊഴികെ മറ്റാര്‍ക്കും രണ്ടക്കം കടക്കാനായില്ല. ഇതോടെ നിശ്ചിത പതിനൊന്ന് ഓവറില്‍ ആറ്‌ വിക്കറ്റ് നഷ്ടത്തില്‍ 53 റണ്‍സാണ് അരുണാചല്‍ പ്രദേശിന് നേടാനായത്. കേരളത്തിനായി സുധീശന്‍ മിഥുന്‍, സിജോമോന്‍ ജോസഫ് എന്നിവര്‍ രണ്ട് വീതം വിക്കറ്റ് വീഴ്ത്തിയപ്പോള്‍ നെടുമന്‍കുഴി ബാസില്‍ ഒരു വിക്കറ്റ് നേടി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരളം അനായാസം വിജയലക്ഷ്യം മറികടന്നു. 4.5 ഓവറില്‍ വിക്കറ്റ് നഷ്ടപ്പെടുത്താതെയാണ് കേരളം വിജയിച്ചത്. വിഷ്ണു വിനോദ് 16 പന്തില്‍ 23 റണ്‍സെടുത്തപ്പോള്‍ രോഹന്‍ കുന്നുമ്മല്‍ 13 പന്തില്‍ നിന്ന് 32 റണ്‍സെടുത്തു.

Related Articles

Back to top button