IndiaLatest

സംസാരഭാഷയല്ലാത്ത സംസ്ഥാനങ്ങളിൽ ഹിന്ദി അടിച്ചേൽപിക്കില്ല

“Manju”

ഹിന്ദി പ്രാവീണ്യം നിർബന്ധമാക്കുന്നതുൾപ്പെട്ട നിർദേശങ്ങളുമായി രാഷ്ട്രപതിക്ക് റിപ്പോർട്ട് സമർപ്പിച്ചത് വിവാദമായതിനുപിന്നാലെ ഹിന്ദി സംസാരിക്കാത്ത സംസ്ഥാനങ്ങളിൽ ഭാഷ അടിച്ചേൽപ്പിക്കില്ലെന്ന് ഔദ്യോഗികഭാഷാ പാർലമെന്ററികാര്യ സമിതിയിലെ അംഗങ്ങൾ. 1963-ലെ ഔദ്യോഗികഭാഷാനിയമത്തിനൊപ്പം 2020-ൽ കേന്ദ്രം കൊണ്ടുവന്ന പുതിയ വിദ്യാഭ്യാസനയവും പരിഗണിച്ചാണ് റിപ്പോർട്ട് തയ്യാറാക്കിയതെന്ന് സമിതി അംഗങ്ങളായ രണ്ട് എം.പി.മാർ പറഞ്ഞു.

ഹിന്ദി സംസാരിക്കുന്ന ജനസംഖ്യയുടെ അടിസ്ഥാനത്തിൽ ഔദ്യോഗികഭാഷാനിയമത്തിൽ സംസ്ഥാനങ്ങളെ മൂന്നായി തിരിച്ചിട്ടുണ്ട്. ഇതിൽ കൂടുതൽപ്പേരും ഹിന്ദി സംസാരിക്കുന്ന ‘എ’ മേഖലയിലെ സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമാകും ഔദ്യോഗിക ഉപയോഗത്തിന് ഹിന്ദി നിർബന്ധമാക്കുന്നത്. ഹിന്ദി കാര്യമായി ഉപയോഗത്തിലില്ലാത്ത ബി, സി. മേഖലകളിൽപ്പെടുന്ന സംസ്ഥാനങ്ങളിൽ ഹിന്ദി നിർബന്ധമാക്കിയ നിർദേശം ബാധകമാവില്ല. ഇംഗ്ലീഷിനുപകരം ഇന്ത്യൻ ഭാഷകളെ പ്രോത്സാഹിപ്പിക്കാനാണ് നീക്കമെന്ന് അവർ പറഞ്ഞു.

ഭാഷാനിയമത്തിൽ ഹിന്ദിയടക്കം ഇന്ത്യൻ ഭാഷകൾക്ക് മുൻതൂക്കം നൽകണമെന്ന് പറയുന്നുണ്ടെങ്കിലും വർഷങ്ങൾ കഴിഞ്ഞിട്ടും അതൊന്നും പ്രായോഗികമാകുന്നില്ല. എ മേഖലയ്ക്ക് കീഴിൽവരുന്ന ഡൽഹി സർവകലാശാല, ബനാറസ് സർവകലാശാല, അലിഗഢ് സർവകലാശാല തുടങ്ങിയ പ്രമുഖ വിദ്യാഭ്യാസസ്ഥാപനങ്ങളിൽപ്പോലും ഔദ്യോഗികമായി ഹിന്ദി ഉപയോഗിക്കുന്നില്ലെന്നാണ് സമിതിയുടെ കണ്ടെത്തൽ.

Related Articles

Back to top button