InternationalLatest

ലോകകപ്പ്​ ; ടിക്കറ്റ്​ വില്‍പന തകൃതി

800, 600 റിയാല്‍ ടിക്കറ്റുകള്‍ മാത്രം

“Manju”

ദോഹ: കാത്തിരിപ്പുകള്‍ക്കൊടുവില്‍ ലോകകപ്പ്​ മാച്ച്‌​ ടിക്കറ്റുകളുടെ കൗണ്ടര്‍ വില്‍പന ചൊവ്വാഴ്​ച ആരംഭിച്ചു.
ദോഹ എക്​സിബിഷന്‍ ആന്‍റ്​ കണ്‍വെന്‍ഷന്‍ സെന്‍ററിലെ കൗണ്ടറുകള്‍ വഴി ആരംഭിച്ച ടിക്കറ്റ്​ വില്‍പനക്ക്​ വലിയ പ്രതികരണമാണ്​ ആരാധകരില്‍ നിന്നുള്ളത്​. ഓണ്‍ലൈന്‍ വഴി അവസാന ഘട്ടങ്ങളില്‍ ടിക്കറ്റ്​ ലഭിക്കാത്ത ആരാധകര്‍ നേരി​ട്ടെത്തിയാണ്​ ടിക്കറ്റുകള്‍ സ്വന്തമാക്കുന്നത്​.
രാവിലെ മുതല്‍ വന്‍ തിരക്കാണ്​ ഡി.ഇ.സി.സി കൗണ്ടറുകള്‍ക്ക്​ മുന്നിലുള്ളത്​. അതേസമയം, നിയന്ത്രണങ്ങളോടെയാണ്​ ടിക്കറ്റുകള്‍ ലഭ്യമാക്കുന്നത്​. 800 റിയാലിന്റെ കാറ്റഗറി ഒന്ന്​, 600 റിയാലിന്റെ കാറ്റഗറി രണ്ട്​ ടിക്കറ്റുകള്‍ മാത്രമാണ്​ ചൊവ്വാഴ്​ച വില്‍പനക്കുള്ളത്​. സ്വിറ്റ്​സര്‍ലന്‍ഡ്​- കാമറൂണ്‍ (മാച്ച്‌​ നമ്പര്‍ 13), തുനീഷ്യ – ആസ്​ട്രേലിയ ( മാച്ച്‌​ 21), ജപ്പാന്‍ – കോസ്​റ്റാറിക (മാച്ച്‌​ 25), കാമറൂണ്‍ -സെര്‍ബിയ (മാച്ച്‌​ 29), ദക്ഷിണ കൊറിയ – ഘാന (മാച്ച്‌​ 30), ആസ്​ട്രേലിയ – ഡെന്മാര്‍ക്ക്​ (മാച്ച്‌​ 37) എന്നിവയാണ്​ ആദ്യ ദിനത്തില്‍ വില്‍പനക്കുള്ള ടിക്കറ്റുകള്‍.
ഉദ്​ഘാടന മത്സരം, സെമിഫൈനല്‍, ഫൈനല്‍ മത്സരങ്ങളുടെ ടിക്കറ്റുകള്‍ കൗണ്ടര്‍ വഴി ലഭ്യമല്ല. വിസ കാര്‍ഡ്​ വഴി മാത്രമായിരിക്കും ടിക്കറ്റ്​ തുക നല്‍കാന്‍ കഴിയുക. പണമായി സ്വീകരിക്കില്ല. ചൊവ്വാഴ്​ച കൗണ്ടര്‍ വില്‍പന ആരംഭിക്കും എന്ന റിപ്പോര്‍ട്ടുകള്‍ക്കു പിന്നാലെ രാവിലെ അഞ്ചു മണി മുതല്‍ തന്നെ കാണികള്‍ ഡി.ഇ.സി.സിക്ക്​ മുന്നിലെ വരികളില്‍ ഇടം പിടിച്ചിരുന്നു.

Related Articles

Back to top button