IndiaLatest

തീവ്രവാദമാണ് ഏറ്റവും വലിയ മനുഷ്യാവകാശ ലംഘനം

“Manju”

ഡല്‍ഹി: തീവ്രവാദമാണ് ഏറ്റവും വലിയ മനുഷ്യാവകാശ ലംഘനമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. 90-ാമത് ഇന്റര്‍പോള്‍ ജനറല്‍ അസംബ്ലിയുടെ സമാപന സമ്മേളനത്തില്‍ നടത്തിയ പ്രസംഗത്തിലാണ് അമിത് ഷാ ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യങ്ങളുടെ ഏകോപിതവും സുസ്ഥിരവുമായ പ്രവര്‍ത്തനത്തിനായി ഇന്റര്‍പോള്‍ മുഖേന തീവ്രവാദ-മയക്കുമരുന്ന് വിരുദ്ധ തത്സമയ വിവര കൈമാറ്റ സംവിധാനങ്ങള്‍ സ്ഥാപിക്കാനും കേന്ദ്ര ആഭ്യന്തര മന്ത്രി ശുപാര്‍ശ ചെയ്തു. ഇക്കാര്യത്തില്‍ ഇന്ത്യ സാധ്യമായ എല്ലാ സഹായവും നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ക്രിമിനല്‍ സംഘങ്ങള്‍ ഒരു കൂട്ടുകെട്ടിലാണ് പ്രവര്‍ത്തിക്കുന്നതെന്നും അതിനാല്‍ ആഗോള പോലീസും രഹസ്യാന്വേഷണ ഏജന്‍സികളും ഒരുമിച്ച്‌ പ്രവര്‍ത്തിക്കണമെന്നും അമിത് ഷാ ആവശ്യപ്പെട്ടു. ‘ഭീകരതയാണ് ഏറ്റവും വലിയ മനുഷ്യാവകാശ ലംഘനം. നല്ല ഭീകരത ചീത്ത ഭീകരത, ചെറിയ ഭീകരത, വലിയ ഭീകരത എന്നിങ്ങനെ വേര്‍തിരിക്കേണ്ട. ഭീകരവാദം എല്ലാം ഒന്നാണ്’ എന്ന് ആഭ്യന്തരമന്ത്രി വ്യക്തമാക്കി. നിലവിലെ കുറ്റകൃത്യങ്ങള്‍ക്ക് അതിരുകളില്ല. അതിര്‍ത്തി കടന്നുള്ള തീവ്രവാദം തടയുന്നതില്‍ അതിര്‍ത്തി കടന്നുള്ള സഹകരണം വളരെ പ്രധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എല്ലാത്തരം വെല്ലുവിളികളെയും നേരിടാന്‍ പോലിസ് സേനയെ പ്രാപ്തരാക്കാന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ പരമാവധി ശ്രമിക്കുന്നുണ്ട്. പോലീസ് ഏജന്‍സികള്‍ക്ക് വിവരങ്ങള്‍ ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയുന്ന തരത്തില്‍ ഭീകരതയെയും മയക്കുമരുന്നുകളെയും കുറിച്ച്‌ ഇന്ത്യ ഒരു ദേശീയ ഡാറ്റാബേസ് തയ്യാറാക്കുകയാണെന്നും അമിത് ഷാ പറഞ്ഞു. ഏതൊരു സേനയുടെയും പ്രഥമ പരിഗണന പൗരന്മാരുടെ സുരക്ഷയാണെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി.

Related Articles

Back to top button