KeralaLatest

കൊല്ലത്ത് ഉപജില്ലാ സ്കൂള്‍ കായികമേളയ്ക്കിടെ ഹാമര്‍ വീണ് മത്സരാര്‍ത്ഥിയുടെ രക്ഷിതാവിന് ഗുരുതര പരുക്ക്

“Manju”

 

കൊല്ലം ചവറയില്‍ ഉപജില്ലാ സ്കൂള്‍ കായികമേളയ്ക്കിടെ ഹാമര്‍ വീണ് മത്സരാര്‍ത്ഥിയുടെ രക്ഷിതാവിന് ഗുരുതര പരുക്കേറ്റു. മൈനാഗപ്പള്ളി വേങ്ങ സ്വദേശിനി മാജിതയ്ക്കാണ് പരുക്കേറ്റത്. ശാസ്താംകോട്ട ഡിബി കോളേജ് മൈതാനത്ത് നടന്ന കായികമേളയില്‍ ഉണ്ടായ അപകടം സംഘാടകരുടെ പിഴവെന്നാണ് ആക്ഷേപം.

കഴിഞ്ഞദിവസമാണ് ഹയര്‍സെക്കന്‍ഡറി വിഭാഗം ഹാമര്‍ ത്രോ മത്സരത്തിനിടെ അപകടമുണ്ടായത്. മത്സരത്തിനിടെ മൈതാനത്ത് നില്‍ക്കുകയായിരുന്നു മാജിത. ഇതിനിടയാണ് ഹാമര്‍ തലയിലേക്ക് പതിച്ചത്. മാജിതയെ ഉടന്‍ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലുള്ള ഇവര്‍ ഇതുവരെ അപകടനില തരണം ചെയ്തിട്ടില്ല. ഫുട്ബോള്‍ മത്സരത്തില്‍ പങ്കെടുത്ത മകനെ വിളിക്കാന്‍ എത്തിയതായിരുന്നു മാജിത. വേണ്ടത്ര സുരക്ഷാക്രമീകരണങ്ങള്‍ ഒരുക്കാതെയായിരുന്നു മത്സരം സംഘടിപ്പിച്ചത് എന്നാണ് ആക്ഷേപം. ഇതേ മൈതാനത്ത് തന്നെ ഓട്ട മത്സരം നടത്തിയതും വിവാദമായി.

2019 ല്‍ സംസ്ഥാന ജൂനിയര്‍ അത്ലറ്റിക്സിനിടെ ഹാമര്‍ പതിച്ച്‌ വിദ്യാര്‍ത്ഥി മരിച്ചിരുന്നു. അതോടെ എല്ലാ കായികമേളകളിലും സുരക്ഷാ മാനദണ്ഡം ഉറപ്പുവരുത്തണമെന്ന് കര്‍ശന നിര്‍ദ്ദേശം ഉള്ളതാണ്. എന്നാല്‍ ഇപ്പോഴും ഈ നിര്‍ദ്ദേശങ്ങള്‍ അവഗണിക്കുകയാണ് എന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് മാജിത.

 

Related Articles

Back to top button