KeralaLatest

ഫസ്റ്റ് ബെൽ ഹിറ്റ്

“Manju”

 

തിരുവനന്തപുരം • വിദ്യാഭ്യാസ വകുപ്പിന്റെ ഓൺലൈൻ അധ്യയന പരിപാടി ഫസ്റ്റ് ബെൽ ആദ്യദിവസം തന്നെ ഹിറ്റ് ആയത് 10 ദിവസത്തെ കഠിനാധ്വാനത്തിലൂടെ. മേയ് 21നാണ് ക്ലാസുകൾ വിക്ടേഴ്സ് ചാനൽ സ്റ്റുഡിയോയിൽ ഷൂട്ട് ചെയ്തു തുടങ്ങിയത്. ജൂൺ ഒന്നിനു തന്നെ ക്ലാസുകൾ തുടങ്ങേണ്ടതിനാൽ, ആദ്യഘട്ടത്തിൽ ഭൂരിഭാഗം അധ്യാപകരെയും തിരുവനന്തപുരത്തു നിന്നു തന്നെ കണ്ടെത്തി.

പലർക്കും വേണ്ടത്ര തയാറെടുപ്പിനുള്ള അവസരം പോലുമുണ്ടായിരുന്നില്ല. അധ്യാപകർക്കു സ്വന്തം ശൈലിയിൽ അവതരണ സ്വാതന്ത്ര്യം നൽകിയിരുന്നു. അ‌വർ തന്നെയാണ് സ്ക്രിപ്റ്റും തയാറാക്കിയത്. 30 മിനിറ്റ് ക്ലാസിനു വേണ്ട പാഠഭാഗങ്ങൾ പലപ്പോഴും 4 മണിക്കൂർ വരെ ഷൂട്ട് ചെയ്യേണ്ടിവന്നു.
ആദ്യ ആഴ്ചയിലേക്കു വേണ്ട ക്ലാസുകളുടെ ഷൂട്ടിങ് പൂർത്തിയായി. വിദ്യാർഥികളുടെയും അധ്യാപകരുടെയും നിർദേശങ്ങൾ പരിഗണിച്ച ശേഷം വേണ്ട മാറ്റം വരുത്തുമെന്ന് കൈറ്റ് വൈസ് ചെയർമാൻ കെ. അൻവർ സാദത്ത് പറഞ്ഞു. യൂ ട്യൂബിൽ തത്സമയം വിഡിയോ അപ്‌ലോഡ് ചെയ്തു. പല ക്ലാസുകളും 3 ലക്ഷത്തോളം പേർ ഇതുവരെ കണ്ടു.

അധ്യാപകർ യൂട്യൂബിൽ നിന്നു ഡൗൺലോഡ് ചെയ്യുന്ന വിഡിയോകൾ വാട്സാപ് വഴി കുട്ടികൾക്കു കൈമാറുന്നുമുണ്ട്. ഫെയ്സ്ബുക്കിലും ആയിരക്കണക്കിനു പേർ ലൈവ് കണ്ടു. ആദ്യദിവസത്തെ ക്ലാസുകൾക്കു സമൂഹ മാധ്യമങ്ങളിൽ നല്ല പ്രതികരണമായിരുന്നു. വിദ്യാർഥികൾക്കു പുറമേ ഒട്ടേറെ മുതിർന്നവരും അഭിപ്രായങ്ങൾ പങ്കുവച്ചു.

Related Articles

Back to top button