IndiaLatest

ഡിജിറ്റല്‍ ശക്തി ക്യാമ്പയ്‌ന്റെ നാലാം ഘട്ടത്തിന് തുടക്കം

“Manju”

ന്യൂഡല്‍ഹി : പാന്‍ ഇന്ത്യ പദ്ധതിയായ ഡിജിറ്റല്‍ ശക്തി ക്യാമ്പയ്‌ന്റെ നാലാം ഘട്ടത്തിന് തുടക്കം കുറിച്ച്‌ ദേശീയ വനിതാ കമ്മീഷന്‍. ഡിജിറ്റല്‍ ശക്തി 4.0 എന്ന പേരിലാണ് ക്യാമ്പയ്ന്‍ ആരംഭിച്ചിരിക്കുന്നത്. സൈബര്‍പീസ് ഫൗണ്ടേഷന്റെയും മെറ്റയുടെയും സഹകരണത്തോടെയാണ് ക്യാമ്പയ്ന്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. ഡിജിറ്റല്‍ മേഖലയില്‍ സ്ത്രീകളെ വൈദഗ്ധ്യമുള്ളവരാക്കുക എന്നതാണ് ക്യാമ്പയ്‌ന്റെ ലക്ഷ്യം.

ക്യാമ്പയ്ന്‍ സ്ത്രീ ശാക്തീകരണത്തില്‍ ഒരു നാഴികക്കല്ലായി മാറുമെന്ന് ദേശീയ വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ രേഖ ശര്‍മ്മ പറഞ്ഞു. രാജ്യത്തുടനീളമുള്ള എല്ലാ മേഖലകളിലും സ്ത്രീകളെ ശാക്തീകരിക്കാനുള്ള വിവിധ ശ്രമങ്ങള്‍ കമ്മീഷന്‍ നടത്തുന്നു. സ്ത്രീകള്‍ക്ക് സൈബര്‍ സുരക്ഷ ഉറപ്പാക്കുകയാണ് ക്യാമ്പയ്‌നിലൂടെ ലക്ഷ്യം വയ്‌ക്കുന്നത്. സാങ്കേതികവിദ്യ അവരുടെ നേട്ടത്തിനായി ഉപയോഗിക്കാന്‍ അവരെ പ്രാപ്തരാക്കുമെന്നും അവര്‍ വ്യക്തമാക്കി.

ക്യാമ്പയ്‌ന്റെ ഭാഗമായി നടന്ന യോഗത്തില്‍ വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കി ചര്‍ച്ചയും നടന്നു. സുനിത കൃഷ്ണന്‍, ജനറല്‍ സെക്രട്ടറി, പ്രജ്വാല, സീനിയര്‍ റിസര്‍ച്ച്‌ ഓഫീസര്‍ അശുതോഷ് പാണ്ഡെ, എന്‍സിഡബ്ല്യു, സുപ്രീം കോടതിയുടെ അഭിഭാഷകനും സിപിഎഫ് ഉപദേശകനുമായ പവന്‍ ദുഗ്ഗല്‍, വീരേന്ദ്ര മിശ്ര, എഐജി, എസ്‌ഐഎസ്‌എഫ്, മധ്യപ്രദേശ് പോലീസ്, എന്‍സിഡബ്ല്യു, ഡയറക്ടര്‍ പ്രീതി ചൗഹാന്‍, ഡയറക്ടര്‍ ഓപ്പറേഷന്‍സ് തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

2018 ലാണ് സ്ത്രീകള്‍ക്ക് ഡിജിറ്റല്‍ മേഖലയില്‍ അവബോധം വളര്‍ത്തുന്നതിന് ഡിജിറ്റല്‍ ശക്തി ആരംഭിച്ചത്. പദ്ധതിയിലൂടെ ഇന്ത്യയിലെ 3 ലക്ഷത്തോളം വരുന്ന സ്ത്രീകള്‍ക്ക് സൈബര്‍ സുരക്ഷയും, അതിലെ വിദ്യകളും , മറ്റു വിദഗ്ധ വശങ്ങളെയും സംബന്ധിച്ച്‌ അവബോധം വളര്‍ത്താന്‍ സാധിച്ചിട്ടുണ്ട്.പരിപാടിയുടെ മൂന്നാം ഘട്ടം ആരംഭിച്ചത് 2021 ലാണ്. ലെഫ്റ്റനന്റ് ഗവര്‍ണര്‍ രാധാകൃഷ്ണ മാത്തൂര്‍, ലഡാക്കിലെ എംപി ജാംയാങ് സെറിംഗ് നംഗ്യാല്‍ എന്നിവരുടെ സാന്നിധ്യത്തില്‍ എന്‍സിഡബ്ല്യു ചെയര്‍പേഴ്സനാണ് പദ്ധതി അന്ന് ലോഞ്ച് ചെയ്തത്.

Related Articles

Back to top button