KeralaLatestThiruvananthapuram

ഓൺലൈൻ തട്ടിപ്പ് വ്യാപകമാകുന്നു

“Manju”

സിന്ധുമോൾ. ആർ

തിരുവനന്തപുരം: ഓണ്‍ലൈന്‍ തട്ടിപ്പ് തലസ്ഥാനത്ത് വ്യാപകമാകുന്നു. ഓണ്‍ലൈനായി ലാപ്ടോപ് ബുക്ക് ചെയ്ത തിരുവനന്തപുരം സ്വദേശിക്ക് മൂന്ന് ലക്ഷത്തില്‍ അധികം രൂപയാണ് നഷ്ടമായത്. ആലിബാബ വഴി ലാപ് ടോപ് ബുക്ക് ചെയ്ത ഐടി വിദഗ്ദനായ യുവാവിനാണ് പണം നഷ്ടമായത്. അമേരിക്കയില്‍ നിന്ന് ലാപ്ടോപ് എത്തിച്ചുനല്‍കാമെന്ന് പറഞ്ഞാണ് തട്ടിപ്പ് അരങ്ങേറിയത്.

ഐടി കമ്പനിയില്‍ ഉദ്യോഗസ്ഥനായ യുവാവ് കഴിഞ്ഞ മാസമാണ് ആലിബാബ വഴി ലാപ്ടോപ് ബുക്ക് ചെയ്തത്. ഇന്‍ഫിനിറ്റി ഇലക്‌ട്രോണിക് വേള്‍ഡാണ് ആലിബാബയില്‍ ലാപ്ടോപിന്റെ വിതരണക്കാര്‍. ലാപ്‌ടോപ്പ് ലഭിക്കുന്നതിനായി 3,22000 രൂപയാണ് ആവശ്യപ്പെട്ടത്. വാട്സ്‌ആപ്പ് വഴി അയച്ചു നല്‍കിയ അക്കൗണ്ടിലേക്ക് പണം കൈമാറി. പിന്നീട് സംഘം കൂടുതല്‍ തുക ആവശ്യപ്പെട്ടതോടെയാണ് തട്ടിപ്പാണെന്ന് മനസ്സിലായത്.

തുടര്‍ന്ന് യുവാവ് തിരുവനന്തപുരം സൈബര്‍ ക്രൈം പൊലീസില്‍ പരാതി നല്‍കി. സൈബര്‍ ക്രൈം പൊലീസ് സംഭവത്തില്‍ കേസെടുത്തിട്ടുണ്ട്. പൊലീസ് നടത്തിയ അന്വേഷണത്തില്‍ വര്‍ക്ക് ഫ്രം ഹോമിലായിരുന്ന പല ഐടി ജീവനക്കാരും സമാനമായ തട്ടിപ്പിന് ഇരയായതായി കണ്ടെത്തി. സിയാമെന്‍ വിസെല്‍ ടെക്നോളജി, ടെയ്ലര്‍ ഹോസ്റ്റ്, സെഞ്ചുറി ടെക്നോളജി, സിറ്റി ഇലക്‌ട്രോണിക്സ് പാക്കിസ്ഥാന്‍ തുടങ്ങി വിവിധ കമ്പനികളുടെ ഉല്‍പന്നങ്ങള്‍ക്കായി ആലിബാബ വഴി ബുക്ക് ചെയ്ത നിരവധി പേരാണ് തട്ടിപ്പിനിരയായത്. പലരും ലക്ഷങ്ങള്‍ നഷ്ടപ്പെട്ടിട്ടും പരാതി നല്‍കിയിട്ടില്ല. കമ്പനികളുടെ വിശ്വാസ്യത നോക്കി മാത്രം പണം നല്‍കണമെന്ന് സിറ്റി സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷന്‍ എസിപി ടി. ശ്യാം ലാല്‍ അറിയിച്ചു.

Related Articles

Back to top button