IndiaLatest

ലോകകപ്പില്‍ തുടര്‍ച്ചയായ ഒൻപത് വമ്പൻ വിജയങ്ങള്‍

“Manju”

ബംഗളൂരു: നെതര്‍ലാന്റ്സുമായുള്ള മത്സരത്തില്‍ 160 റണ്‍സ് വിജയം നേടിയതോടെ ടീം ഇന്ത്യ അസാദ്ധ്യമായിരുന്ന ഒരു റെക്കോഡിന് അരികിലേക്ക് പതിയെ ചുവടുവയ്‌ക്കുകയാണ്. ഇത്തവണത്തെ ലോകകപ്പില്‍ ഇതുവരെ ഗ്രൂപ്പ് ഘട്ടത്തില്‍ കളിച്ച ഒൻപത് മത്സരത്തിലും ഇന്ത്യ മികച്ച വിജയം നേടി. 2003ലും 2007ലും അതിശക്തരായിരുന്ന ഓസ്‌ട്രേലിയൻ ടീമിന്റെ റെക്കോഡിന് അടുത്തെത്തിയിരിക്കുകയാണ് ഇന്ത്യയിപ്പോള്‍. 11 മത്സരങ്ങളിലും തുടര്‍ച്ചയായി വിജയിച്ചാണ് റിക്കി പോണ്ടിംഗിന്റെ നേതൃത്വത്തില്‍ ഈ രണ്ട് ലോകകപ്പിലും ഓസ്‌ട്രേലിയ കിരീടം ചൂടിയത്.

ഇനി സെമിയിലും അത് കടന്ന് ഫൈനലിലെത്തിയാല്‍ അപ്പോഴും വിജയം നേടാനായാല്‍ ഇന്ത്യ ഈ അപൂര്‍വ റെക്കോഡ് നേട്ടം കൊയ്‌ത രണ്ടാം ടീമാകും. ഏകദിന ലോകകപ്പ് ചാമ്ബ്യൻമാരായ ഇംഗ്ളണ്ട് ഇത്തവണ ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്താകുകയും ഓസ്‌ട്രേലിയ ആദ്യ മത്സരങ്ങളില്‍ തോല്‍വിയോടെ തുടങ്ങുകയും ചെയ്‌തു. എന്നാല്‍ ഇന്ത്യയുടെ ഇതുവരെയുള്ള മത്സരങ്ങള്‍ തോല്‍വി അറിയാതെയായിരുന്നു. മുൻപ് 2015ല്‍ ന്യൂസിലാൻഡ് തുടര്‍ച്ചയായി എട്ട് മത്സരങ്ങള്‍ വിജയിച്ച്‌ ഫൈനലില്‍ എത്തി എന്നാല്‍ ഫൈനലില്‍ ഓസ്‌ട്രേലിയയോട് പരാജയപ്പെട്ടു. കഴിഞ്ഞ ലോകകപ്പിലും ഫൈനല്‍ കളിച്ച ന്യൂസിലാൻഡിന് പക്ഷെ ലോകകിരീടം നേടാൻ സാധിക്കാതെ പോയി.

ഇത്തവണ 15ന് നടക്കുന്ന ആദ്യ സെമിയില്‍ ഇന്ത്യയെ ന്യൂസിലാൻഡ് നേരിടും. 16ന് നടക്കുന്ന രണ്ടാം സെമിയില്‍ ഓസീസിനെതിരെയെത്തുന്നത് ദക്ഷിണാഫ്രിക്കയാണ്. തുടര്‍ച്ചയായി മൂന്ന് ലോകകിരീടം സ്വന്തമാക്കിയതടക്കം ലോകകപ്പില്‍ ഏറ്റവുമധികം വിജയം തുടര്‍ച്ചയായി നേടിയ ടീമും ഓസ്‌ട്രേലിയയാണ്. 34 മത്സരങ്ങളില്‍ തുടര്‍ച്ചയായി അവര്‍ വിജയിച്ചിട്ടുണ്ട്. അതേസമയം തുടര്‍ച്ചയായി പത്ത് മത്സരങ്ങള്‍ വിജയിച്ച ചരിത്രമുള്ള വെസ്‌റ്റ് ഇൻഡീസ് ടീമിന് ഇത്തവണ ലോകകപ്പ് യോഗ്യത നേടാൻ കൂടി കഴിഞ്ഞില്ല എന്നതും ശ്രദ്ധേയമാണ്.

Related Articles

Back to top button