LatestMotivation

കണ്ണുനിറച്ച്‌ കളക്ടറുടെ കരുതല്‍

“Manju”

ആലപ്പുഴ: ഒരു ജന്മസാഫല്യത്തിന്റെ നിറവിലാണ് സ്മൃതിലക്ഷ്മിയും കുടുംബവും. മെഡിസിന് അഡ്മിഷന്‍ കിട്ടിയെങ്കിലും സാമ്പത്തിക വിഷമത തടസമായി നില്‍ക്കുമ്ബോഴാണ് ഭാഗ്യദേവത കളക്ടറുടെ രൂപത്തില്‍ കടന്നുവന്നത്.

അഡ്മിഷന് മുന്‍പായി നല്‍കേണ്ട 10 ലക്ഷം രുപ, അഡ്മിഷന് ശേഷം സാവധാനം നല്‍കാന്‍ സാഹചര്യം ഒരുക്കണമെന്ന അഭ്യര്‍ഥനയുമായാണ് സ്മൃതിലക്ഷ്മി ബന്ധുക്കള്‍ക്കൊപ്പം കളക്ടര്‍ കൃഷ്ണ തേജ ഐഎഎസിനെ കാണാന്‍ എത്തിയത്. മലബാര്‍ മെഡിക്കല്‍ കോളജ് ഹോസ്പിറ്റല്‍ ആന്‍ഡ് റിസര്‍ച്ച്‌ സെന്‍ററിലാണ് സ്മൃതിലക്ഷ്മിക്ക് അഡ്മിഷന്‍ ലഭിച്ചത്.

ആലപ്പുഴയില്‍നിന്ന് ചേര്‍ത്തലയ്ക്കു പോകാന്‍ ഒരുങ്ങുമ്പോഴാണ് കളക്ടറുടെ വിളി എത്തിയത്. പറ്റുമെങ്കില്‍ മടങ്ങിയെത്താനായിരുന്നു നിര്‍ദ്ദേശം. വീണ്ടും കളക്ടര്‍ക്കു മുന്നിലെത്തിയപ്പോള്‍ സ്മൃതി ലക്ഷ്മിക്ക് കൈമാറിയത് ആറു ലക്ഷത്തിന്‍റെ ചെക്ക്. ഒട്ടും നിനയ്ക്കാതെ ഭാഗ്യദേവത കടന്നുവന്നതിന്റെ അമ്പരപ്പില്‍ നില്‍ക്കുമ്പോള്‍ കളക്ടറുടെ സാന്ത്വനം വീണ്ടുമെത്തി. ബാക്കി തുകയ്ക്കു കൂടി ശ്രമം നടത്താം. തുടര്‍ന്ന് സോഷ്യല്‍ മീഡിയ വഴി നടത്തിയ പണസമാഹരണത്തില്‍ ലഭിച്ചത് നാലു ലക്ഷം.

സ്മൃതിലക്ഷ്മിയുടെ മാതാവ് മനോഹരിയുടെ കുടുംബമായ വെള്ളിയാകുളം ചിറക്കാട്ട് കുടുംബത്തിന്റെ അഭ്യുദയകാംക്ഷികളുടെ സഹകരണവും പണസാഹരണത്തിന് ലഭിച്ചു. നന്ദി പറയാന്‍ ഇന്നലെ കളക്ടറേറ്റിലെത്തിയ ബന്ധുക്കള്‍ നല്‍കിയ ലഡു കളക്ടര്‍ സന്തോഷത്തോടെ സ്വീകരിച്ചു. സ്മൃതിലക്ഷ്മിയെ അനുജത്തിയായി കണ്ട് എല്ലാ സഹായങ്ങളും നല്‍കാമെന്ന വാഗ്ദാനവും നല്‍കിയാണ് അവരെ മടക്കി അയച്ചത്. കയര്‍ തൊഴിലാളിയായിരിന്നു സ്മൃതിലക്ഷ്മിയുടെ പിതാവ് മോഹനന്‍. എട്ടു വര്‍ഷം മുന്‍പ് മരിച്ച ശേഷം കൂലിവേല ചെയ്താണ് മനോഹരി മകളെ പഠിപ്പിച്ചത്.

Related Articles

Back to top button