IndiaLatest

ഏറ്റവും ശക്തരായ 100 വനിതകള്‍ ;നാലാം തവണയും നിര്‍മലാ സീതാരാമന്‍

“Manju”

ന്യൂഡല്‍ഹി: ലോകത്തിലെ ഏറ്റവും ശക്തരായ 100 വനിതകളുടെ ഫോബ്‌സ് പട്ടികയില്‍ ഇടം നേടി കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍ ഉള്‍പ്പെടെ അഞ്ച് ഇന്ത്യക്കാര്‍. 36-ാം സ്ഥാനത്തുള്ള നിര്‍മലാ സീതാരാമന്‍ തുടര്‍ച്ചയായി നാലാം തവണയാണ് പട്ടികയില്‍ ഇടം പിടിക്കുന്നത്. 2021-ല്‍ 37-ാം സ്ഥാനവും 2020-ല്‍ 41-ാം സ്ഥാനത്തും 2019-ല്‍ 34-ാം സ്ഥാനത്തുമായിരുന്നു മന്ത്രി.

എച്ച്‌സിഎല്‍ടെക് ചെയര്‍പേഴ്‌സണ്‍ റോഷ്‌നി നാടാര്‍ മല്‍ഹോത്ര , സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) ചെയര്‍പേഴ്‌സണ്‍ മാധബി പുരി ബുച്ച്‌ , സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യ ചെയര്‍പേഴ്‌സണ്‍ സോമ മൊണ്ടല്‍ മല്‍ഹോത്ര, ബയോകോണ്‍ എക്സിക്യൂട്ടീവ് ചെയര്‍പേഴ്സണ്‍ കിരണ്‍ മജുംദാര്‍ഷാ, നൈക സ്ഥാപക ഫാല്‍ഗുനി നായര്‍ എന്നിവരാണ് പട്ടികയില്‍ ഇടം പിടിച്ച മറ്റ് ഇന്ത്യന്‍ പ്രമുഖര്‍.

പണം, മാദ്ധ്യമ സ്വാധീനം, മറ്റ് സ്വാധീന മേഖലകള്‍ എന്നിങ്ങനെയുള്ള അളവുകോലുകളാണ് പട്ടിക നിര്‍ണ്ണയിച്ചിരിക്കുന്നത്. രാഷ്‌ട്രീയ നേതാക്കള്‍ക്കായി ജിഡിപി മൊത്ത ആഭ്യന്തര ഉത്പാദനവും ജന സംഖ്യയും, വ്യവസായ പ്രമുഖര്‍ക്ക് വരുമാനവും കമ്പനിയിലെ ജീവനക്കാരുടെ എണ്ണവും കണക്കിലെടുത്തു. മാദ്ധ്യമ പരാമര്‍ശങ്ങളും പട്ടികയെ സ്വാധീനിച്ചു.

ലോകത്തിലെ സ്ത്രീകളില്‍ ഏറ്റവും ശക്ത യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയ്‌നാണ്. യുക്രെയ്ന്‍ യുദ്ധകാലത്തെ ശക്തമായ പ്രതിബദ്ധതയാണ് ശക്തരില്‍ മുന്നിലെത്താന്‍ കാരണമായത്. യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് പ്രസിഡന്റ് ക്രിസ്റ്റിന്‍ ലഗാര്‍ഡാണ് രണ്ടാം സ്ഥാനത്ത്.യുഎസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണ്. റാങ്കിംഗില്‍ 100-ാം സ്ഥാനത്തുള്ള ഇറാന്റെ ജിന മഹ്‌സ അമിനി മരണാനന്തരം സ്വാധീനമുള്ള പട്ടികയില്‍ ഇടം നേടി. 22-കാരിയുടെ മരണം ഇറാനില്‍ പ്രതിഷേധങ്ങള്‍ പൊട്ടിപ്പുറപ്പെടാന്‍ കാരണമായെന്നും വെബ്‌സൈറ്റില്‍ പറയുന്നു.

2022-ലെ ഫോബ്‌സ് പട്ടികയില്‍ 10 രാഷ്‌ട്രത്തലവന്‍മാരും, 115 ബില്യണ്‍ യുഎസ് ഡോളര്‍ മൂല്യമുള്ള 11 ശതകോടീശ്വരന്മാരും 39 സിഇഒമാരും ഉള്‍പ്പെടുന്നു. നൈകയുടെ സ്ഥാപക ഫാല്‍ഗുനി നായരുടെ സംരംഭം വളര്‍ന്ന് ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ബ്യൂട്ടി ആന്റ് റീട്ടെയില്‍ കമ്പനിയായി മാറിയത് പ്രത്യേകം പരാമര്‍ശിച്ചിട്ടുണ്ട്.

Related Articles

Back to top button