LatestNature

കനോലികനാലില്‍ പെരുമ്പാമ്പിന്‍കൂട്ടം

“Manju”

കോഴിക്കോട്: കാരപ്പറമ്പില്‍ കനോലി കനാലില്‍ പെരുമ്പാമ്പിന്‍ കൂട്ടത്തെ കണ്ടെത്തി. ആറു പാമ്പുകളെയാണ് വൈകുന്നേരത്തോടെ കണ്ടെത്തിയത്.

വഴിയേപോയ നാട്ടുകാരാണ് പെരുമ്പാമ്പിന്റെ കൂട്ടത്തെ ആദ്യം കണ്ടത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് താമരശേരിയില്‍ നിന്ന് വനംവകുപ്പിന്റെ റാപ്പിഡ് റെസ്‌പോണ്‍സ് ടീം സ്ഥലത്തെത്തി ഒന്നിനെപിടികൂടി.

കാരപ്പറമ്പില്‍ കനോലി കനാലിനോട് ചേര്‍ന്ന് ഇറച്ചിക്കടയുണ്ട്. അവിടെ നിന്നുള്ള കോഴിയുടെ അവശിഷ്ടങ്ങള്‍ ഭക്ഷിക്കാനാണ് ഇവ എത്തുന്നതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പ്രദേശത്ത് സ്ഥിരമായി പെരുമ്പാമ്പുകളെ കണാറുണ്ടെന്ന് കനാലിനു സമീപം താമസിക്കുന്നവര്‍ പറഞ്ഞു. കരയിലേക്ക് കയറിയ ഒരു പെരുമ്പാമ്പിനെ മാത്രമാണ് വനംവകുപ്പ് സംഘം പിടികൂടിയത്.

ബാക്കിയുള്ളവ കനാലില്‍ തന്നെയാണുള്ളത്. കനാലില്‍ പായല്‍ നിറഞ്ഞു കിടക്കുകയാണ്. സാധാരണ പെരുമ്ബാമ്ബുകളെ കാണുന്ന ഇടമാണിത്. അതിന്റെ ആവാസവ്യവസ്ഥയാണ് കനോലി കനാലിന്റെ പരിസരമെന്നും ആളുകള്‍ക്ക് ഭീഷണിയില്ലെന്നും വനംവകുപ്പ് സംഘം പറഞ്ഞു.

ഇതിന് മുമ്പും കനോലി കനാലില്‍ പാമ്പിനെ കണ്ടിട്ടുണ്ട്. എന്നാല്‍, കൂട്ടത്തോടെ ആറോളം പാമ്ബുകളെ ആദ്യമായാണ് കാണുന്നത്. നിരവധി പേരാണ് പെരുമ്പാമ്പിന്‍ കൂട്ടത്തെ കാണാനായി സ്ഥലത്തെത്തിയത്. ഇതുകാരണം ഗതാഗതതടസം അനുഭവപ്പെട്ടു. ഇരയെടുത്ത ശേഷം വിശ്രമിക്കുന്ന ഒരേ വലുപ്പത്തിലുള്ള പെരുമ്പാമ്പുളെയാണ് കണ്ടെത്തിയത്.

Related Articles

Back to top button