KeralaLatest

ഏറ്റവും നീളം കൂടിയ ആറുവരി ഉയരപ്പാത അരൂരില്‍

“Manju”

ഹരിപ്പാട് : ഒറ്റത്തൂണിൽ 26 മീറ്റർ വീതിയിൽ ആറുവരി ഉയരപ്പാത. നീളം 12.752 കിലോമീറ്റർ. താഴെ നാലുവരിയിൽ സർവീസ് റോഡ്. ആകെ 10 വരി ഗതാഗതത്തിനുള്ള സൗകര്യം. കൂടാതെ, രാജ്യത്തെ ഏറ്റവും നീളംകൂടിയ ആറുവരി ഉയരപ്പാതയെന്ന ഖ്യാതിയും

ദേശീയപാത 66-ലെ അരൂർ മുതൽ തുറവൂർ തെക്കുവരെയുള്ള ഭാഗത്തിന്റെ വികസനമാണ് ഇങ്ങനെ വിസ്മയകരമാകുക. ഏറ്റെടുക്കേണ്ട ഭൂമിയുടെ അതിരുനിർണയവും കല്ലിടലും പൂർത്തിയായി. പുതുവർഷത്തിൽ പണിതുടങ്ങും. മൂന്നുവർഷത്തിനകം പൂർത്തിയാകും.

സംസ്ഥാനത്ത് ദേശീയപാതാ വികസനത്തിന് 1082.07 ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കുന്നത്. 39,749 നിർമിതികൾ പൊളിച്ചുമാറ്റേണ്ടിയും വരും. എന്നാൽ, അരൂർതുറവൂർ ഭാഗത്തെ ആറുവരി ഉയരപ്പാതയ്ക്കായി ഏറ്റെടുക്കേണ്ടിവരുക കഷ്ടിച്ച് ഒന്നേകാൽ ഏക്കർ ഭൂമി മാത്രം. അമ്പതിൽത്താഴെ കെട്ടിടങ്ങൾ മാത്രമാണ് പൊളിക്കേണ്ടത്. നിലവിലെ 30 മീറ്ററിൽത്തന്നെ ദേശീയപാതാ വികസനം സാധ്യമാകുന്നതിനാലാണിത്. ഉയരപ്പാതയിലേക്ക് വാഹനങ്ങൾക്കു കടക്കാനുള്ള സൗകര്യം ഏർപ്പെടുത്തുന്ന ഭാഗങ്ങളിൽ മാത്രമാണ് ഭൂമി ഏറ്റെടുക്കേണ്ടിവരുക.

സംസ്ഥാനത്ത് 20 ഭാഗങ്ങളായാണ് ദേശീയപാത നിർമിക്കുന്നത്. അതിൽ ഏറ്റവും ചെലവേറിയ ഭാഗമാണ് അരൂർതുറവൂർ. 1993.86 കോടിരൂപ അടങ്കൽ നിശ്ചയിച്ചാണ് ദേശീയപാതാ അതോറിറ്റി കരാർ വിളിച്ചത്. 1668.50 കോടി രൂപയ്ക്ക് മഹാരാഷ്ട്രയിലെ നാസിക് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന അശോക് ബിൽകോൺ കമ്പനിയാണ് കരാർ ഏറ്റിരിക്കുന്നത്. നിർമാണച്ചെലവു മാത്രമാണിത്. ഭൂമി വിലകൂടി പരിഗണിക്കുമ്പോൾ അൽപ്പംകൂടി ഉയരും.

അരൂർതുറവൂർ ഭാഗത്ത് നിലവിൽ നാലുവരിപ്പാതയുണ്ട്. അതിന്റെ നടുക്കാണ് കൂറ്റൻ തൂണു നിർമിക്കുക. തൂണിന്റെ ഇരുവശത്തേക്കും വിരിഞ്ഞുനിൽക്കുന്ന വിധത്തിലാകും ഉയരപ്പാതയുടെ നിർമാണം. പാതയുടെ ഇരുവശത്തും ഒന്നര മീറ്റർ വീതം ഒഴിച്ചിടും. മൂന്നര മീറ്ററാണ് ഓരോ വരിയുടെയും വീതി. നടുക്ക് ഒരു മീറ്ററിന്റെ മീഡിയനുണ്ടാകും.

Related Articles

Check Also
Close
Back to top button