India

അലാവുദ്ദീന്റെ അത്ഭുത വിളക്ക് തരാമെന്ന് പറഞ്ഞ് ഡോക്ടറിൽ നിന്ന് രണ്ടരക്കോടി തട്ടി ; 2 പേർ അറസ്റ്റിൽ

“Manju”

 

മീററ്റ്: അലാവുദ്ദീന്റെ അത്ഭുത വിളക്ക് നൽകാമെന്ന് പറഞ്ഞ് ഡോക്ടറെ കബളിപ്പിച്ച കേസിൽ രണ്ടു പേർ അറസ്റ്റിൽ. മീററ്റിലാണ് സംഭവം. അലാവുദ്ദീന്റെ അത്ഭുത വിളക്ക് കയ്യിൽ വെച്ചാൽ ആഗ്രഹങ്ങൾ സഫലമാകുമെന്ന് പറഞ്ഞ് ലണ്ടനിൽ നിന്നെത്തിയ ഡോക്ടറെ കബളിപ്പിച്ച് പണം തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. ഡോക്ടറിൽ നിന്നും 2.5 കോടി രൂപയോളമാണ് ഇവർ തട്ടിയെടുത്തത്.

മന്ത്രവാദികളെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. അത്ഭുത വിളക്ക് സ്വന്തമാക്കിയാൽ ആഗ്രഹിച്ചതെല്ലാം നേടാമെന്നായിരുന്നു തട്ടിപ്പ് സംഘം ഡോക്ടറെ വിശ്വസിപ്പിച്ചിരുന്നത്. ഇത് വിശ്വസിച്ച് ഡോക്ടർ ഇവർക്ക് രണ്ടര കോടിയോളം രൂപ നൽകി. 2018 ൽ ഡോക്ടറുടെ അടുത്ത് ചികിത്സയ്‌ക്കെത്തിയ സമീന എന്ന യുവതിയാണ് അലാവുദ്ദീന്റെ അത്ഭുത വിളക്കിന്റെ മാഹാത്മ്യത്തെ കുറിച്ച് ഡോക്ടറെ അറിയിക്കുന്നത്. സമീനയാണ് മന്ത്രവാദിയെന്ന പേരിൽ ഒരാളെ ഡോക്ടർക്ക് പരിചയപ്പെടുത്തി നൽകിയതും. വിളക്ക് സ്വന്തമാക്കിയാൽ കോടികൾ നേടാമെന്ന് ഇവർ ഡോക്ടറെ വിശ്വസിപ്പിച്ചു.

തുടർന്ന് ഡോക്ടർ തനിക്ക് അത്ഭുത സിദ്ധിയുള്ള വിളക്ക് വേണമെന്ന് ആവശ്യപ്പെട്ടു. ഇതനുസരിച്ച് സമീന ഡോക്ടർക്ക് വിളക്ക് കൈമാറി. പകരമായി ഇവർക്ക് 2.5 കോടി രൂപ ഡോക്ടർ നൽകി. എന്നാൽ പിന്നീട് തട്ടിപ്പ് ബോധ്യമായ ഡോക്ടർ വിളക്ക് കൊണ്ടു പോകാനും പണം തിരികെ നൽകണമെന്നും ആവശ്യപ്പെട്ടു. ഇതോടെ തട്ടിപ്പ് സംഘം അടുത്ത അടവ് ഇറക്കി. വിളക്ക് ഇനി മറ്റാരെങ്കിലും തൊട്ടാൽ ദോഷം സംഭവിക്കുമെന്ന് പറഞ്ഞ് ഇവർ ഡോക്ടറെ ഭയപ്പെടുത്തി.

പിന്നെയും കുറേ ദിവസങ്ങൾക്ക് ശേഷം മന്ത്രവാദിയെന്ന് പരിയപ്പെടുത്തിയയാൾ സമീനയുടെ ഭർത്താവ് തന്നെയാണെന്ന് ഡോക്ടർ മനസിലാക്കി. ഉടൻ തന്നെ ഇയാൾ പോലീസിൽ പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് സംഘം പിടിയിലായത്.

Related Articles

Back to top button