KeralaLatest

മഞ്ഞില്‍ മുങ്ങി മൂന്നാര്‍

“Manju”

മൂന്നാര്‍: ഈ വര്‍ഷത്തെ ശൈത്യകാലത്ത് മൂന്നാറില്‍ ആദ്യമായി താപനില പൂജ്യത്തിലെത്തിയതോടെ വരും ദിവസങ്ങളില്‍ താപനില മൈനസിലെത്തുമെന്ന് ഉറപ്പായി.

മൂന്നാറിലെ ലാക്കാട് എസ്റ്റേറ്റിലാണ് താപനില പൂജ്യം രേഖപ്പെടുത്തിയത്. താപനില താഴ്ന്നതോടെ ലാക്കാട് മേഖലയിലെ മലനിരകളും പുല്‍മേടുകളും രാവിലെ മഞ്ഞുപുതച്ചാണ് കിടക്കുന്നത്. അരുവിക്കാട്, ലക്ഷ്മി, സെവന്‍മല, എല്ലപ്പെട്ടി, മാട്ടുപ്പെട്ടി, കുണ്ടള, കന്നിമല എന്നിവിടങ്ങളിലും നല്ല തണുപ്പാണ് അനുഭവപ്പെടുന്നത്. ക്രിസ്മസ് പുതുവത്സര അവധിക്കാലം ആഘോഷിക്കാനെത്തിയവര്‍ക്കും തണുപ്പ് ആസ്വാദ്യകരമായി. തണുപ്പ് ഏറിയതോടെ മൂന്നാറില്‍ നടക്കുന്ന ശൈത്യകാല മേളകള്‍ക്കും തിരക്കേറി.

മൂന്നാര്‍ ഗവ. ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ ജില്ലാ ടൂറിസം വകുപ്പിന്റെ നേതൃത്വത്തില്‍ നടക്കുന്ന സംഗീതനിശയില്‍ നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. പഴയമൂന്നാര്‍ ഹൈ ആള്‍ട്ടിറ്റ്യൂട് സ്‌പോര്‍ട്‌സ് മൈതാനത്ത് തൊഴില്‍ വകുപ്പിന്‍റെ നേതൃത്വത്തില്‍ നടക്കുന്ന മെഗാ കാര്‍ണിവലും സഞ്ചാരികളെ ആകര്‍ഷിക്കുന്നു. മഞ്ഞുകാലത്തെ തണുപ്പ് ആസ്വദിക്കുവാന്‍ പ്രഭാതസവാരിക്കിറങ്ങുന്ന സഞ്ചാരികളും ഏറുകയാണ്.

Related Articles

Back to top button